Silver Line Project: സിൽവർ ലൈനിൽ എന്ത്? ജനുവരി 4ന് വിശദീകരണ യോഗം
മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ സില്‍വര്‍ ലൈന്‍ അര്‍ധ അതിവേഗ റെയിലിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം ജില്ലയില്‍ ജനുവരി 4ന് വിശദീകരണ യോഗം ചേരും. രാവിലെ 11നു ജിമ്മി ജോര്‍ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണു പരിപാടി.
മന്ത്രിമാര്‍ ഉള്‍പ്പെടെ വിവിധ മേഖലകളില്‍പ്പെട്ട പ്രമുഖര്‍ പരിപാടിയില്‍ പങ്കെടുക്കും. പദ്ധതിയുമായി ബന്ധപ്പെട്ട് എം.പിമാര്‍, എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, മാധ്യമ മേധാവികള്‍ തുടങ്ങിയവരുമായി വരും ദിവസങ്ങളില്‍ പ്രത്യേകം കൂടിക്കാഴ്ച നടത്താനും ആലോചിച്ചിട്ടുണ്ട്.
കാസര്‍കോഡ് നിന്നു തിരുവനന്തപുരത്തേക്ക് നാലു മണിക്കൂര്‍ കൊണ്ടു യാത്രചെയ്യാന്‍ കഴിയുന്ന അര്‍ധ അതിവേഗ റെയില്‍ പദ്ധതിയാണു സില്‍വര്‍ ലൈനിലൂടെ സംസ്ഥാന സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നത്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര റെയില്‍വേ മന്ത്രാലയവും സംയുക്തമായി രൂപീകരിച്ച കേരള റെയില്‍ ഡെവലപ്മന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്(കെ-റെയില്‍) എന്ന കമ്പനിയാണു പദ്ധതിയുടെ നിര്‍മാണം നടത്തുക.
നിര്‍മാണത്തിനുള്ള പ്രാരംഭ നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചുകഴിഞ്ഞു. നിര്‍മാണവുമായി ബന്ധപ്പെട്ടു എല്ലാ കാര്യങ്ങളും വിശദീകരിക്കാനും വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായങ്ങള്‍ ആരായുന്നതിനും ആശങ്കകള്‍ ദുരീകരിക്കുന്നതിനുമാണു വിശദീകരണ യോഗം ചേരുന്നത്. മന്ത്രിമാര്‍ പങ്കെടുക്കുന്ന ജില്ലാതല പരിപാടികളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...