Kerala SSLC Result 2023: എസ്എസ്എൽസി ഫലം നാളെ; ഫലപ്രഖ്യാപനം മൂന്ന് മണിക്ക്
Kerala SSLC Result 2023: എസ്എസ്എൽസി പരീക്ഷാ ഫലത്തോടൊപ്പം ടിഎച്ച്എസ്എൽസി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും നടത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയതോടെയാണ് നാളെത്തന്നെ ഫലം പ്രഖ്യാപിക്കാൻ തീരുമാനമായത്.
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാഫലം നാളെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. ഉച്ചകഴിഞ്ഞ് മൂന്നിന് പി ആർ ചേംബറിലാണ് ഫലപ്രഖ്യാപനം നടക്കുക. പരീക്ഷ ബോർഡ് ചേർന്ന് ഫലത്തിന് അംഗീകാരം നൽകിയതോടെയാണ് എസ്എസ്എൽസി ഫലപ്രഖ്യാപനം നടക്കുന്നത്. ടിഎച്ച്എസ്എൽസി, ഹീയറിംഗ് ഇംപേഡ് പരീക്ഷകളുടെ ഫലപ്രഖ്യാപനവും എസ്എസ്എൽസി പരീക്ഷാ ഫലത്തോടൊപ്പമുണ്ടാകും.
കഴിഞ്ഞ തവണ 99.26 ശതമാനമായിരുന്നു വിജയം. കോവിഡ് കാലമായിരുന്നതിനാൽ തന്നെ വിദ്യാർഥികൾക്ക് കഴിഞ്ഞ വർഷം ഗ്രേസ് മാർക്ക് നൽകിയിരുന്നില്ല. എന്നാൽ, ഇക്കുറി വിജയ ശതമാനത്തിൽ വർദ്ധനവുണ്ടാകുമെന്ന പ്രതീക്ഷയിലാണ് വിദ്യാഭ്യാസ വകുപ്പ്. ഗ്രേയ്സ് മാർക്ക് ഉൾപ്പെടെയുള്ള ഫലമാകും ഇത്തവണ മന്ത്രി പ്രഖ്യാപിക്കുക. നേരത്തെ മെയ് 20ന് ഫലപ്രഖ്യാപനം ഉണ്ടാകുമെന്നാണ് അറിയിച്ചിരുന്നത്.
ഇത്തവണ 4,19,362 വിദ്യാർഥികളാണ് എസ്എസ്എൽസി പരീക്ഷയെഴുതിയത്. ഗൾഫിൽ നിന്നും 518 വിദ്യാർത്ഥികളും ലക്ഷദ്വീപിൽ ഒമ്പത് സ്‌കൂളുകളിലായി 289 വിദ്യാർത്ഥികളും പരീക്ഷയെഴുതി. ഒന്നേകാൽ മാസത്തോളം നീണ്ട 70 ക്യാമ്പുകളിൽ പങ്കെടുത്ത 9762 അധ്യാപകരാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പരാതികളോ പ്രശ്നങ്ങളോ ഇല്ലാതെ പരീക്ഷ പൂർത്തിയാക്കാനും തുടർന്ന് മൂല്യനിർണയം നടത്തി സമയബന്ധിതമായി ഫലം പ്രഖ്യാപനം നടത്താനും വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടുണ്ട്.
അതേസമയം, ഹയർ സെക്കൻഡറി ഫലം മെയ് 25നാണ് പ്രഖ്യാപിക്കുക. പുതിയ അധ്യയന വർഷം ജൂൺ ഒന്നിന് തുടങ്ങും. സ്കൂൾ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് ഗവ. ബോയ്സ് എൽപി സ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.
എസ്എസ്എൽസി ഫലങ്ങൾ എവിടെ അറിയാം?
കഴിഞ്ഞ വർഷം ആറ് വിവിധ വെബ്സൈറ്റുകളിലുടെ എസ് എസ് എൽ സി ഫലങ്ങൾ അറിയാൻ സാധിക്കുമായിരുന്നു. ഇത്തവണ പരീക്ഷ എഴുതിയ വിദ്യാർഥികളുടെ എണ്ണം കൂടുതലായതിനാൽ ഫല പ്രഖ്യാപന സൈറ്റുകളുടെ എണ്ണം ചിലപ്പോൾ സർക്കാർ വർധപ്പിച്ചേക്കും. കഴിഞ്ഞ വർഷത്തെ സൈറ്റുകൾ ഇവയാണ്:
2. result.kerala.gov.in
4. https://pareekshabhavan.kerala.gov.in
5. https://sslcexam.kerala.gov.in
6. https://results.kite.kerala.gov.in
കൂടാതെ ടെക്നിക്കൽ എസ്എസ്എൽസി പരീക്ഷകളുടെ ഫലം അതാത് വെബ്സൈറ്റിലൂടെ ലഭിക്കുന്നതാണ്. അവ ചുവടെ നൽകുന്നു.
SSLC (HI)- http://sslchiexam.kerala.gov.in
THSLC (HI)- http:/thslchiexam.kerala.gov.in
THSLC - http://thslcexam.kerala.gov.in
AHSLC - http://ahslcexam.kerala.gov.in
ഈ വിദ്യാർഥികൾക്ക് ഗ്രേസ് മാർക്ക് ലഭിക്കും
ദേശീയ തലത്തിൽ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ നൽകിയുരുന്ന ഗ്രേസ് മാർക്ക് സംവിധാനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് പുനഃസ്ഥാപിക്കാൻ തീരുമാനിച്ചു. അതേസമയം വിദ്യാർഥികൾക്ക് എത്ര മാർക്ക് നൽകണമെന്ന് കാര്യത്തിൽ വ്യക്തത നൽകിയില്ല.
നേരത്തെ ദേശീയ തലത്തിലുള്ള കായിക മത്സരങ്ങളിൽ പങ്കെടുക്കന്ന വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വകുപ്പ് ഗ്രേസ് മാർക്ക് നൽകിയിരുന്നു. എന്നാൽ ഇത്തവണ ഗ്രേസ് മാർക്ക് സംവിധാനം പരിഷ്കരിച്ചപ്പോൾ ദേശീയതല കായിക താരങ്ങളിൽ മെഡൽ ജേതാക്കൾക്ക് മാത്രം മാർക്ക് നൽകാൻ വിദ്യാഭ്യാസ വകുപ്പ് പരിമിതപ്പെടുത്തിയിരുന്നു. മെഡൽ ജേതാക്കൾക്ക് 25 മാർക്ക് നൽകാനായിരുന്നു വകുപ്പിന്റെ തീരുമാനം.
അതേസമയം വിദ്യാഭ്യാസ വകുപ്പിന്റെ ഈ തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും ചെയ്തു. തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിഷയത്തിൽ ഇടപ്പെട്ടു. ശേഷം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന് യോഗത്തിലാണ് ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്കും ഗ്രേസ് മാർക്ക് നൽകാൻ തീരുമാനമായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...