തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പഴക്കമുള്ള ലൈബ്രറികളിലൊന്നായ തിരുവനന്തപുരം പബ്ലിക് ലൈബ്രറി കാഴ്ചവൈകല്യമുള്ളവര്‍ക്കായി ബ്രെയ്ല്‍ വിഭാഗവും ആരംഭിക്കുന്നു. ലൈബ്രറിയുടെ പുതിയ കെട്ടിടത്തിലെ താഴത്തെ നിലയിലായിരിക്കും ബ്രെയ്ല്‍ വിഭാഗം പ്രവര്‍ത്തിക്കുക. ബ്രെയ്ല്‍ ലിപിയിലുള്ള പുസ്തകങ്ങള്‍ക്കൊപ്പം ഓഡിയോ പുസ്തകങ്ങളും ഇവിടെ ലഭ്യമാകും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഡെറാഡൂണിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വലി ഹാന്‍ഡ്ക്യാപ്ഡ്, കേരള ബ്ലൈന്‍ഡ് അസോസിയേഷന്‍ എന്നിവയുമായി സഹകരിച്ചാണ് തിരുവനന്തപുരം പബ്ലിക് ലൈബ്രറി പുതിയ സംരംഭത്തിന് തുടക്കം കുറിക്കുന്നത്. മലയാളത്തിന് പുറമെ, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പുസ്തകങ്ങളും ശേഖരത്തിലുണ്ടാകും. 


ബ്രെയ്ല്‍ പുസ്തകങ്ങില്‍ നിന്ന് ഓഡിയോ പുസ്തകങ്ങളിലേക്ക് മാറിയിരിക്കുന്ന കാലഘട്ടത്തില്‍ അത്തരം മാറ്റങ്ങളെ ഉള്‍ക്കൊണ്ടായിരിക്കും പുതിയ വിഭാഗത്തിന്‍റെ രൂപകല്‍പനയെന്ന് സ്റ്റേറ്റ് ലൈബ്രേറിയന്‍ പി.കെ.ശോഭന പറഞ്ഞു. 


ഇന്ത്യയിലെ ആദ്യത്തെ പൊതു ഗ്രന്ഥശാലകളിൽ ഒന്നാണ് തിരുവനന്തപുരത്തു സ്ഥിതി ചെയ്യുന്ന സ്റ്റേറ്റ് സെൻട്രൽ ലൈബ്രറി എന്ന തിരുവനന്തപുരം പബ്ലിക് ലൈബ്രറി. സ്വാതിതിരുനാൾ ബാലരാമവർമ്മ തിരുവിതാംകൂർ ഭരിച്ചിരുന്ന കാലത്ത് 1829-ലാണ് ലൈബ്രറി പ്രവർത്തനമാരംഭിച്ചത്.