തിരുവനന്തപുരം: 49ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. ഉച്ചക്ക് 12 മണിക്ക് സാംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ ബാലനാണ് പുരസ്‌കാര പ്രഖ്യാപനം നടത്തുക.


COMMERCIAL BREAK
SCROLL TO CONTINUE READING

മികച്ച നടന്‍, മികച്ച നടി, മികച്ച സിനിമ എന്നീ പ്രധാന വിഭാഗങ്ങളില്‍ കടുത്ത മത്സരമാണ് നടക്കുന്നത്. വരത്തന്‍, ഞാന്‍ പ്രകാശന്‍, കാര്‍ബണ്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ഫഹദ് ഫാസില്‍, ജോസഫിലെ പ്രകടനത്തിലൂടെ ജോജു ജോര്‍ജ്, ഞാന്‍ മേരിക്കുട്ടി, ക്യാപ്റ്റന്‍ എന്നീ സിനിമകളിലെ അഭിനയത്തിന് ജയസൂര്യ. 


കുപ്രസിദ്ധ പയ്യന്‍, തീവണ്ടി, മറഡോണ, എന്റെ ഉമ്മാന്റെ പേര് എന്നീ സിനിമകളിലൂടെ ടൊവിനോ തോമസ്, ഒടിയനിലൂടെ മോഹന്‍ലാല്‍ എന്നിവരാണ് നടന്‍മാരുടെ പട്ടികയില്‍ മുന്നിലുള്ളത്.


ആമിയിലൂടെ മഞ്ജു വാര്യര്‍, കൂടെയിലൂടെ നസ്രിയ, വരത്തനിലെ പ്രകടനത്തിലൂടെ ഐശ്വര്യ ലക്ഷമി, ഓള് സിനിമയിലുടെ എസ്തര്‍ എന്നിവരാണ് നടിമാരുടെ പട്ടികയില്‍ മുന്നിലുള്ളത്. 


ജയരാജിന്റെ രൗദ്രം, ശ്യാമപ്രസാദിന്റെ എ സണ്‍ഡേ, ഷാജി എന്‍ കരുണിന്റെ ഓള്, സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ,പ്രജേഷ് സെന്നിന്റെ ക്യാപ്റ്റന്‍ തുടങ്ങിയ ചിത്രങ്ങള്‍ മികച്ച സിനിമയ്ക്കായി മത്സരിക്കുന്നു.


മികച്ച സംഗീത സംവിധായകനുള്ള മത്സരത്തില്‍ എം.ജയചന്ദ്രന്‍ സജീവമായി ഉണ്ട്. ഒടിയന്‍, കൂടെ, ആമി, എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്നീ ചിത്രങ്ങളിലാണ് ജയചന്ദ്രന്റെ ശ്രദ്ധേയ ഗാനങ്ങള്‍.


തീവണ്ടിയിലെ ഗാനമൊരുക്കിയ കൈലാസ് മേനോന്‍, പൂമരത്തിലൂടെ ഫൈസല്‍ റാസി, ജോസഫിലൂടെ രഞ്ജിന്‍ രാജ് എന്നിവരും മത്സരരംഗത്തുണ്ട്. ആകെ 104 സിനിമകളാണ് ഇത്തവണയുള്ളത്. 100 ഫീച്ചര്‍ ചിത്രങ്ങളും കുട്ടികളുടെ നാലു ചിത്രങ്ങളും. പ്രശസ്ത സംവിധായകന്‍ കുമാര്‍ സാഹ്നിയാണു ജൂറി അധ്യക്ഷന്‍.


കഴിഞ്ഞ രണ്ട് വർഷങ്ങളിലെ പോലെ ചില അപ്രതീക്ഷിത സിനിമകൾക്കും അവാർഡ് ലഭിക്കാൻ സാധ്യതയുണ്ട്.