കലോത്സവ വേദിയിലെ വിധി കർത്താവായ അമ്മയെയും കാത്ത് കുഞ്ഞു മാതംഗി
ഒരു കലാകുടുംബത്തിൻ്റെ സമർപ്പണത്തിൻ്റെ അതിസുന്ദരമായ കാഴ്ചയാണ് കലോത്സവത്തിൻ്റെ ഒന്നാം ദിവസം കാണാൻ കഴിഞ്ഞത്.
കോഴിക്കോട്: മാർഗ്ഗംകളിയുടെ വിധി കർത്താവായി അമ്മ വേദിക്ക് മുന്നിലിരിക്കുമ്പോൾ സദസ്സിനോട് ചേർന്ന് പിണക്കമില്ലാതെ അഞ്ചു മാസക്കാരി കുഞ്ഞു മാതംഗി അച്ഛൻ്റെ നെഞ്ചു പറ്റിക്കിടന്നു. അനൗൺസ്മെൻ്റോ പാട്ടോ കേൾക്കുമ്പോൾ അവൾ നിശ്ശബ്ദയായി. മൈക്കിൽ നിന്ന് ഒച്ച കേൾക്കാതാകുമ്പോൾ അവളുടെ മാത്രം ഭാഷയിൽ കുഞ്ഞിച്ചുണ്ടുകൾ എന്തൊക്കെയോ പറഞ്ഞു. ഒരു കലാകുടുംബത്തിൻ്റെ സമർപ്പണത്തിൻ്റെ അതിസുന്ദരമായ കാഴ്ചയാണ് കലോത്സവത്തിൻ്റെ ഒന്നാം ദിവസം മൂന്നാം വേദിയായ തളി സാമൂതിരി സ്കൂൾ മൈതാനത്തെ കൂടല്ലൂരിൻ്റെ പരിസരത്ത് കണ്ടത്.
സന്ധ്യയോടെയാണ് മത്സരം തുടങ്ങിയത്. മണിക്കൂറുകൾ കഴിഞ്ഞേ മാതംഗിക്ക് ഇനി അമ്മയെ തിരിച്ചു കിട്ടൂ. അതൊന്നും മാതംഗിക്ക് പ്രശ്നമല്ല. മൈക്കിൽ നിന്ന് പാട്ടു കേട്ടുകൊണ്ടിരുന്നാൽ മാത്രം മതിയെന്ന് ഡബ്ബിംഗ് ആർട്ടിസ്റ്റായ അച്ഛൻ ഷൈൻലാൽ പറഞ്ഞു.
കേരള സർവകലാശാലയിൽ നിന്ന് നൃത്തത്തിൽ ഒന്നാം റാങ്ക് നേടിയ ആളാണ് സ്റ്റീന രാജ്. മാതംഗിക്ക് മൂന്നു മാസം പ്രായമുള്ളപ്പോൾത്തന്നെ സ്റ്റീന നൃത്ത ക്ലാസുകൾ പുനരാരംഭിച്ചിരുന്നു. കഴിഞ്ഞ രണ്ടു മാസമായി മാതംഗിക്ക് നൃത്തവും സംഗീതവും സുപരിചിതമാണെന്നും ഷൈൻ ലാൽ പറഞ്ഞു. മകളെ നെഞ്ചോട് ചേർത്ത് തന്‍റെ പങ്കാളിയെ കാത്ത് നിൽക്കുന്ന ഷൈൻ ലാൽ ഒരു ഗ്രാഫിക് ഡിസൈനറും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...