തിരുവനന്തപുരം: ടൂറിസം മേഘലയില്‍ പുത്തന്‍ ചുവടു വയ്പ്പുമായി കേരളം!!


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയിലാദ്യമായി വിനോദസഞ്ചാരത്തില്‍ ഭിന്നശേഷി സൗഹൃദമായ സംസ്ഥാനമായി കേരളം മാറിയിരിക്കുകയാണെന്ന് സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.  


തെന്‍മല ഇക്കോ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി (ടിഇപിഎസ്) തെന്‍മല വിനോദ സഞ്ചാരകേന്ദ്രം സന്ദര്‍ശിക്കാന്‍ താല്പര്യമുള്ള ഭിന്നശേഷിക്കാരെ സഹായിക്കാന്‍ തയാറാക്കിയ ബ്രെയില്‍ ലഘുലേഖ‍, ആംഗ്യ ഭാഷാ വീഡിയോ, ഗൈഡിംഗ് ആപ്പ് തുടങ്ങിയവ പ്രകാശനം ചെയ്യവേ ആണ് മന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.   


ടൂറിസം മേഖലയെ ഭിന്നശേഷി സൗഹൃദമാക്കുന്നതില്‍ കേരളം ഇന്ത്യയ്ക്കാകെ ഇന്ന് മാതൃകയായിരിക്കുകയാണെന്ന് മന്ത്രി പറഞ്ഞു. ഇതിനോടകം തന്നെ കേരളത്തിലെ നൂറിലേറെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഈ നിലയില്‍ സജ്ജീകരിച്ചിട്ടുണ്ട്. എല്ലാ കേന്ദ്രങ്ങളിലും ഭിന്നശേഷിക്കാര്‍ക്കുവേണ്ട സൗകര്യങ്ങളേര്‍പ്പെടുത്തുകയാണ് കേരള ടൂറിസത്തിന്‍റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. 


തെന്‍മലയെ കേരളത്തിലെ ആദ്യ ആസൂത്രിത വിനോദസഞ്ചാര കേന്ദ്രമെന്ന് വിശേഷിപ്പിച്ച മന്ത്രി പുതിയ ടൂര്‍ പാക്കേജിനും തുടക്കം കുറിച്ചു. പുതിയ ടൂര്‍ പാക്കേജുകളുടെ വിവരണം മന്ത്രിയില്‍നിന്ന് ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍ ഏറ്റുവാങ്ങി. 


സംസ്ഥാനത്തെ നൂറിലേറെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലെ ഭിന്നശേഷി സൗഹൃദ അടിസ്ഥാന സൗകര്യങ്ങള്‍ മാര്‍ച്ച് നാലിന് മന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് പി. ബാലകിരണ്‍ വ്യക്തമാക്കി. എട്ടുമാസമെടുത്താണ് ഈ പദ്ധതി പൂര്‍ത്തിയാക്കിയതെന്ന് അദ്ദേഹം അറിയിച്ചു. തെന്‍മല ഇക്കോ ടൂറിസത്തിന്‍റെ വെബ്സൈറ്റ് സഞ്ചാരികള്‍ക്ക് കൂടുതല്‍ പ്രയോജനപ്പെടുന്ന തരത്തില്‍ ദൃശ്യ-ശ്രാവ്യ സങ്കേതങ്ങള്‍ ഉപയോഗിച്ച് മൊബൈല്‍ ഫോണ്‍ അധിഷ്ഠിതമായാണ് രൂപകല്പന ചെയ്തിരിക്കുന്നത്.