#KeralaBudget2018: സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്കി സംസ്ഥാന ബജറ്റ്
ഇത്തവണത്തെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്.
തിരുവന്തപുരം: ഇത്തവണത്തെ കേന്ദ്ര സംസ്ഥാന ബജറ്റുകള്‍ സ്ത്രീശാക്തീകരണത്തിന് മുന്‍തൂക്കം നല്‍കുന്നുവെന്നത് ശ്രദ്ധേയമാണ്.
2018 ലെ സംസ്ഥാന ബജറ്റില്‍ സ്‍ത്രീസുരക്ഷയ്‍ക്കായി 50 കോടി വകയിരുത്തിയതായി ധനമന്ത്രി ഡോ. തോമസ് ഐസക്. കൂടാതെ ബജറ്റിന്‍റെ 13.6 ശതമാനം സ്‍ത്രീ കേന്ദ്രീകൃത പദ്ധതികള്‍ക്കാണെന്നും തോമസ് ഐസക് പറഞ്ഞു.
സ്‍ത്രീകൾക്കായുള്ള പദ്ധതികൾക്കായി 1267 കോടിയാണ് അനുവദിച്ചിട്ടുള്ളത്. സ്ത്രീകളുടെ ക്ഷേമത്തിനായി നീക്കിവെച്ചിരുന്ന പദ്ധതി വിഹിതം വര്‍ധിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ തവണ 11.5 ശതമാനം ആയിരുന്നത് 14.6 ശതമാനമാക്കി ഉയര്‍ത്തി.
ലിംഗനീതി യാഥാര്‍ഥ്യമാക്കുന്നതിനായി വിവിധ വിഭാഗങ്ങളെ ഉള്‍പ്പെടുത്തി വലിയ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് പദ്ധതി ആവിഷ്‌കരിക്കും. സ്ത്രീ സൗഹൃദ പദ്ധതി ഏറ്റെടുക്കുന്ന പഞ്ചായത്തുകള്‍ക്ക് 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. സ്ത്രീകളുടെയും വയോജനങ്ങളുടെയും അഭയകേന്ദ്രങ്ങള്‍ നവീകരിക്കുന്നതിന് 20 കോടി അനുവദിച്ചു.
അവിവാഹിതരായ അമ്മമാർക്കുള്ള ധനസഹായം ഇരട്ടിയാക്കി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. മുന്‍പ് 1000 രൂപയായിരുന്നത് ഇപ്പോള്‍ 2000 രൂപയായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സ്‍ത്രീകള്‍ക്കു വേണ്ടി 4 കോടി രൂപയുടെ ഷി ലോഡ്ജ് പദ്ധതിയും അനുവദിച്ചു. അതിക്രമങ്ങളെ അതിജീവിക്കുന്ന സ്‍ത്രീകൾക്കായി 3 കോടി രൂപ. നിർഭയവീടുകൾക്ക് 5 കോടി. എല്ലാ ജില്ലകളിലും വർക്കിങ് വിമൻസ് ഹോസ്റ്റലുകൾക്ക് 25 കോടിയും അനുവദിച്ചു. വിവാഹധനസഹായം 10,000 രൂപയിൽ നിന്ന് 40,000 രൂപയാക്കി വര്‍ദ്ധിപ്പിച്ചു.
കുടുംബശ്രീയ്ക്ക് പരിശീലന കേന്ദ്രം സ്ഥാപിക്കുന്നതിന് 5 കോടി രൂപ നീക്കിവെച്ചു. ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തോടുള്ള വിവേചനം അവസാനിപ്പിക്കുന്നതിനും അവരെ മുഖ്യധാരയിലെത്തിക്കുന്നതിനുമായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് 10 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
കൂടാതെ 2018-19 വര്‍ഷം അയല്‍ക്കൂട്ട വര്‍ഷമായി ആചരിക്കും.