തിരുവനന്തപുരം: വനിതാ മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ കയറി നടത്തിയ സദാചാര ഗുണ്ടയിസത്തില്‍ തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറി എം.രാധാകൃഷ്ണനെ പ്രസ് ക്ലബില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. 


COMMERCIAL BREAK
SCROLL TO CONTINUE READING

മാധ്യമ പ്രവര്‍ത്തകയുടെ വീട്ടില്‍ അതിക്രമിച്ച് കയറി മര്‍ദ്ദിച്ച സദാചാര ഗുണ്ടായിസത്തിനെതിരെയാണ് സസ്‌പെന്‍ഷന്‍.  സെക്രട്ടറിയുടെ ചുമതലയുള്ള ജോയിന്‍റ് സെക്രട്ടറിയാണ് പ്രാഥമിക അംഗത്വത്തില്‍ നിന്നും സെക്രട്ടറി സ്ഥാനത്ത് നിന്നും രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തത്. 


വനിതാ മാധ്യമപ്രവര്‍ത്തകയുടെ പരാതിയെ തുടര്‍ന്നും വനിതാ മാധ്യമപ്രവര്‍ത്തകരുടെ പ്രതിഷേധത്തേ തുടര്‍ന്നുമാണ് കഴിഞ്ഞ ദിവസം രാധാകൃഷ്ണനെ പൊലീസ് അറസ്റ്റു ചെയ്തത്. തുടര്‍ന്ന്‍ തൊഴിലെടുക്കുന്ന സ്ഥാപനവും രാധാകൃഷ്ണനെ സസ്പെന്‍ഡ് ചെയ്തിരുന്നു.


ഇതിന്‍റെയൊക്കെ അടിസ്ഥാനത്തിലാണ് പ്രസ് ക്ലബ് നടപടി സ്വീകരിച്ചത്. തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ ഉടനെതന്നെ ജനറല്‍ ബോഡി വിളിച്ചു ചേര്‍ക്കാനും തീരുമാനമുണ്ട്.


പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടും രാധാകൃഷ്ണനെതിരെ നടപടിയെടുക്കാന്‍ പ്രസ് ക്ലബ് ആദ്യം തയ്യാറായിരുന്നില്ല.


ആണ്‍സുഹൃത്ത് വീട്ടിലെത്തിയത് ചോദ്യം ചെയ്ത് രാധാകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ഒരു കൂട്ടം ആളുകള്‍ വീട്ടില്‍ അതിക്രമിച്ച് കയറി ഗുണ്ടായിസം കാട്ടിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. 


സ്ത്രീത്വത്തെ അപമാനിക്കുക, മര്‍ദ്ദിക്കുക, തടഞ്ഞുവെക്കുക, അതിക്രമിച്ചു കയറുക എന്നീ കുറ്റങ്ങള്‍ വരുന്ന വകുപ്പുകളാണ് രാധാകൃഷ്ണനെതിരെ ചുമത്തിയിരിക്കുന്നത്.


പരാതിയില്‍ കൂടുതല്‍ അന്വേഷണം നടത്താന്‍ അഞ്ചംഗ സമിതിയെ പ്രസ് ക്ലബ് രൂപീകരിച്ചിട്ടുണ്ട്.