കെഎം ഷാജി എംഎൽഎയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ്; അരക്കോടി രൂപ കണ്ടെത്തി
ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് നടത്തുകയാണ്. കെഎം ഷാജിയുടെ സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം
കണ്ണൂർ: കെഎം ഷാജി എംഎൽഎയുടെ കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസ് (Vigilance) 50 ലക്ഷം രൂപ കണ്ടെത്തി. അനധികൃത സ്വത്ത് സമ്പാദന കേസിലെ വിജിലൻസ് പരിശോധനയിലാണ് പണം കണ്ടെത്തിയത്. അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിക്കെതിരെ കേസെടുത്ത് വിജിലൻസ് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഷാജിയുടെ കോഴിക്കോട് മാലൂർ കുന്നിലെയും കണ്ണൂർ ചാലാടിലെയും വീടുകളിൽ ഒരേ സമയം വിജിലൻസ് റെയ്ഡ് നടത്തുകയാണ്.
കെഎം ഷാജി അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന് വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. രാവിലെ ഏഴരയോടെയാണ് വിജിലൻസ് എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഷാജിയുടെ മാലൂർ കുന്നിലെ വീട്ടിലെത്തിയത്. ഒന്നര മണിക്കൂറോളം പുറത്ത് പരിശോധന നടത്തിയ സംഘം പിന്നീട് അകത്ത് പ്രവേശിച്ചു. ഇതേസമയം റെയ്ഡ് വീക്ഷിച്ച് കെഎം ഷാജി വീടിന് പുറത്തുണ്ടായിരുന്നു.
കണ്ണൂർ ചാലോടിലും ഇതേ സമയം വിജിലൻസിന്റെ മറ്റൊരു സംഘം പരിശോധന ആരംഭിച്ചിരുന്നു. കെഎം ഷാജിയുടെ (KM Shaji) സാമ്പത്തിക ഇടപാടുകളെപ്പറ്റി കൂടുതൽ വിവരങ്ങൾ തേടുകയാണ് പ്രധാന ലക്ഷ്യം. 2012 മുതൽ 2021 വരെയുള്ള ഒമ്പത് വർഷ കാലയളവിൽ കെഎം ഷാജിക്ക് 166 ശതമാനം അധിക വരുമാനം ഉണ്ടായെന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ.
ALSO READ: കെ.എം ഷാജിക്കെതിരെയുള്ള കോഴ ആരോപണം: പരാതിക്കാരൻ മൊഴി നൽകി
അഭിഭാഷകനായ എംആർ ഹരീഷ് നൽകിയ പരാതിയിലാണ് ഷാജിക്കെതിരെ കേസ് എടുത്തത്. ഷാജിയുടെ കോഴിക്കോടുള്ള വീട് നേരത്തെയും വിവാദത്തിലായിരുന്നു. കോർപ്പറേഷൻ നൽകിയ പ്ലാനിന് അപ്പുറത്തേക്ക് നിർമാണം നടത്തിയെന്നായിരുന്നു അന്നുയർന്ന പരാതി. ഭാര്യയുടെ പേരിലുള്ള ഈ വീടുമായി ബന്ധപ്പെട്ട് പിഴയടക്കാൻ ഷാജിക്ക് കോർപറേഷൻ നിർദേശം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.