തിരുവനന്തപുരം: കേരളത്തിൽ ജലഗതാഗതസംവിധാനത്തിൽ ആധുനികതയുടെ വിപ്ലവപാത സൃഷ്ടിച്ച കൊച്ചി വാട്ടർ മെട്രോയെ അടുത്തറിയാൻ തലസ്ഥാനവാസികൾക്കും അവസരം. നവംബർ ഒന്നുമുതൽ ഏഴുവരെ തിരുവനന്തപുരത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങൾ വിളിച്ചോതിക്കൊണ്ട് അരങ്ങേറുന്ന കേരളീയം ജനകീയോത്സവത്തിലാണ് കൊച്ചി വാട്ടർ മെട്രോ കൊച്ചിക്കായലിൽ നിന്ന് തലസ്ഥാനനഗരിയിൽ പ്രദർശനത്തിനായി എത്തുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളീയത്തിന്റെ പ്രധാന തീമായി അവതരിപ്പിക്കുന്ന ജലസംരക്ഷണക്യാമ്പയിന്റെ ഭാഗമായാണ് കൊച്ചി വാട്ടർ മെട്രോയെ അനന്തപുരിയിലെത്തിക്കുന്നത്. കേരളീയത്തിന്റെ പ്രധാനവേദികളിലൊന്നായ പുത്തരിക്കണ്ടം മൈതാനിയിലാവും വാട്ടർ മെട്രോ ബോട്ടിന്റെ പ്രദർശനം. പൊതുജനങ്ങൾക്ക് വാട്ടർമെട്രോയിൽ കയറാനുള്ള അവസരവുമൊരുക്കും. കൊച്ചി വാട്ടർ മെട്രോ സർവീസിൽ ഉപയോഗിക്കുന്ന ബോട്ട് തന്നെയാവും ഇവിടെ എത്തിക്കുക.


ALSO READ: മണിപ്പുരിൽനിന്നുള്ള വിദ്യാർഥികൾക്ക് കേരളത്തിൽ തുടർപഠന സൗകര്യം: മുഖ്യമന്ത്രി


കേരളത്തിന്റെ പരമ്പരാഗത ഗതാഗതമാർഗമായ ജലപാത നവീകരിച്ചുള്ള വികസനമുന്നേറ്റത്തിന്റെ സാക്ഷ്യപത്രം എന്നനിലയിൽ കൂടിയാണ് നൂറു ശതമാനം ഹരിതഊർജത്തിൽ പ്രവർത്തിക്കുന്ന കൊച്ചി വാട്ടർ മെട്രോ കേരളീയം പ്രദർശനവേദിയിലേക്ക് എത്തുന്നത്. ഇതുകൂടാതെ പുത്തരിക്കണ്ടം മൈതാനിയിൽ ജലസംരക്ഷത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന വലിയ ഇൻസ്റ്റലേഷനും പ്രദർശനവും ഉണ്ടാകും. 


കേരളീയത്തിന്റെ മറ്റു പ്രധാനവേദികളായ സെൻട്രൽ സ്റ്റേഡിയത്തിലും കനകക്കുന്നിലും യൂണിവേഴ്‌സിറ്റി കോളജിലും ജലസംരക്ഷണം പ്രോത്സാഹിപ്പിക്കുന്ന ഇൻസ്റ്റലേഷനുകൾ ക്യാമ്പയിന്റെ ഭാഗമായി ഉണ്ടാകും. കേരളീയത്തിന്റെ ഭാഗമായി കനകക്കുന്നിൽ നടക്കുന്ന ഭക്ഷ്യമേളയിൽ ഉൽപാദിപ്പിക്കപ്പെടുന്ന മലിനജലം സ്വഭാവികരീതിയിൽ ശുദ്ധീകരിക്കുന്ന ഡിവാട്ട്‌സ് (ഡീസെൻട്രലൈസ്ഡ് വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ്) സംവിധാനത്തിന്റെ മാതൃകാപ്രദർശനവും ഉണ്ടാകും. 


ജലം സംരക്ഷിക്കൂ, ഹരിതമായിരിക്കൂ (സേവ് വാട്ടർ, സ്റ്റേ ഗ്രീൻ) എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും ക്യാമ്പയിൻ. കേരളത്തിന്റെ തനതായ ജലസംരക്ഷണരീതികൾ, ജലസംരക്ഷണവുമായി ബന്ധപ്പെട്ട വകുപ്പുകളുടെയും ഏജൻസികളുടേയും ഇടപെടലുകളും ജനകീയ ജലസംരക്ഷണ അനുഭവങ്ങളും മേളയുടെ ഭാഗമാകും. ജലസംരക്ഷണക്യാമ്പയിന്റെ വിജയത്തിനായി നവകേരളം മിഷൻ കോ-ഓർഡിനേറ്റർ ഡോ. ടി.എൻ. സീമ അധ്യക്ഷയായ കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.