കോടിയേരി ബാലകൃഷ്ണൻ വീണ്ടും ചികിത്സക്കായി അമേരിക്കയിലേക്ക്; കോടിയേരി പോകുന്നത് മുഖ്യമന്ത്രിക്ക് പിന്നാലെ.
ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് വിദഗ്ധ പരിശോധനകൾക്കും ചികിൽസക്കുമായി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്
തിരുവനന്തപുരം: തുടർ ചികിൽസക്കായാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. അടുത്തയാഴ്ചയാണ് അദ്ദേഹത്തിന്റെ അമേരിക്കൻ യാത്ര. രണ്ടാഴ്ചത്തെ ചികിൽസക്കായാണ് ഇത്തവണ അമേരിക്കയിൽ എത്തുന്നത്. ഭാര്യ വിനോദിനിയും അദ്ദേഹത്തെ അനുഗമിക്കും.ചുരുങ്ങിയ കാലത്തേക്കാണ് യാത്ര എന്നതിനാൽ പാർട്ടി സെക്രട്ടറിയുടെ ചുമതല മാറ്റാർക്കും നൽകാനിടയില്ല. പകരം പാർട്ടി സെന്റർ ചുമതല നിർവ്വഹിക്കും.
അർബുധ ബാധയെ തുടർന്ന് 2019 ലാണ് കോടിയേരി അമേരിക്കയിലെ ഹൂസ്റ്റണിൽ ചികിൽസ തേടിയത്. അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം തിരുവനന്തപുരത്ത് ചികിൽസ തുടരുകയാണ്. ഡോക്ടർമാരുടെ നിർദേശ പ്രകാരമാണ് വിദഗ്ധ പരിശോധനകൾക്കും ചികിൽസക്കുമായി വീണ്ടും അമേരിക്കയിലേക്ക് പോകുന്നത്. ചികിൽസ തുടരുന്നതിനിടെ 2020 നവംബറിൽ കോടിയേരി ബാലകൃഷ്ണൻ സിപി എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് അവധി എടുത്തിരുന്നു. എൽ.ഡി.എഫ് കൺവീനറായിരുന്ന എ. വിജയരാഘവനാണ് അന്ന് സെക്രട്ടറിയുടെ ചുമതല നൽകിയത്.
ചികിൽസയുടെ ഭാഗമായി അവധി ഏടുക്കുന്നു എന്നായിരുന്നു വിശദീകരണമെങ്കിലും കളളപ്പണകേസിൽ മകൻ ബിനീഷ് ജയിലിലായ സാഹചര്യത്തിൽ കൂടിയായിരുന്നു അവധിയിൽ പോയത്. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിൽ കഴിഞ്ഞിരുന്ന ബനീഷിന് ജാമ്യം ലഭിച്ചതിന് പിന്നാലെ അടുത്തിടെയാണ് കോടിയേരി വീണ്ടും പാർട്ടി സെക്രട്ടറിയുടെ ചുമതല ഏറ്റെടുത്തത്. കഴിഞ്ഞ മാസം കൊച്ചിയിൽ ചേർന്ന സിപിഎം സംസ്ഥാന സമ്മേളനം അദ്ദേഹത്തെ വീണ്ടും സെക്രട്ടറിയായി തെരഞ്ഞടുത്തിരുന്നു.
ഈ മാസം 23 ന് മുഖ്യമന്ത്രി പിണറായി വിജയനും ചികിൽസക്കായി അമേരിക്കയിലേക്ക് പോകുന്നുണ്ട്. തുടർ ചികിസയുടെ ഭാഗമായാണ് അദ്ദേഹവും അമരിക്കയിലേക്ക് പോകുന്നത്.ഇത്തവണയും മുഖ്യമന്ത്രിയുടെ ചുമതല ആർക്കും കൈമാറില്ലെന്നാണ് സൂചന.കഴിഞ്ഞ ജനുവരിയിൽ ചികിൽസക്കായി അമേരിക്കയിലേക്ക് പോയപ്പോഴും മുഖ്യമന്ത്രി ചുമതല ആർക്കും നൽകിയിരുന്നില്ല. മന്ത്രിസഭാ യോഗങ്ങളിലടക്കം ഓൺലൈനിലാണ് അദ്ദഹം പങ്കെടുത്തത്.