Konni Taluk Office Controversy : കോന്നിയിലെ കൂട്ട അവധി ഗുരുതരമായ തെറ്റ്, അവശ്യമായ നടപടി വേണം; വിഡി സതീശൻ
Konni Taluk Office Mass Bunk Controversy : ഏത് സംഘടന ന്യായീകരിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാർ കൂട്ട അവധി എടുത്ത സംഭവം ഗുരുതരമായ തെറ്റെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സംഭവത്തിൽ റവന്യുമന്ത്രി അവശ്യമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഏത് സംഘടന ന്യായീകരിച്ചാലും അത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടി ചേർത്തു. അതേസമയം വിഷയത്തിൽ സിപിഎം - സിപിഐ തർക്കം മുറുകുകയാണ്. സംഭവത്തിൽ സിപിഎം ജനഷ് കുമാർ എംഎൽഎയെ പിന്തുണച്ചപ്പോൾ, സിപിഐ ജീവനക്കാർക്കാണ് പിന്തുണ നല്കിയിരിക്കുന്നത്.
എംഎൽഎ പെരുമാറിയത് പ്രതിപക്ഷ എംഎൽഎയെ പോലെയാണെന്ന് സിപിഐ ജില്ലാ അസി.സെക്രട്ടറി ഗോപിനാഥ് ആരോപിച്ചു. തഹസീൽദാറുടെ ചെയറിൽ എംഎൽഎ ജനീഷ് കുമാർ ഇരുന്നത് ശരിയായില്ല എന്നും സിപിഎം ഇത് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. തഹസീൽദാരുടെ കസേരയിൽ എംഎൽഎ ഇരുന്ന് രേഖകൾ എടുത്ത് പരിശോധിച്ചത് ശരിയല്ലെന്നും സിപിഎം നേതാവ് ഗോപിനാഥ് പറഞ്ഞു.
താലുക്ക് ഓഫീസിലെ രേഖകൾ പരിശോധിക്കുവാൻ എംഎൽഎക്ക് അധികാരമില്ലെന്ന എഡിഎമ്മിന്റെ പരാമർശനത്തിനെതിരെ ജനീഷ് കുമാർ എംഎൽഎ മുഖ്യമന്ത്രിക്കും സ്പീക്കർക്കും പരാതി നൽകും. ജോയിന്റ് കൗൺസിൽ അംഗങളായ വിനോദ യാത്ര പോയ ജീവനക്കാരെ സംരക്ഷിക്കുവാനാണ് സിപിഐയുടെ ശ്രമമെന്നാണ് സിപിഎം ആരോപിക്കുന്നത്. എംഎൽഎയുടെ പ്രവർത്തി ശരിയായിരുന്നു എന്നും കൂട്ട അവധിയിൽ വിനോദ യാത്ര പോയ ജീവനക്കാർക്കെതിരെ നടപടി വേണമെന്നും സിപിഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. ജീവനക്കാർ പാറമട മുതലാളിയുടെ സ്പോൺസർഷിപ്പിലാണ് വിനോദയാത്ര പോയതെന്ന വിവാദ പ്രസ്താവനയും ജനീഷ് കുമാർ എംഎൽഎ നടത്തിയിരുന്നു.
61പേരിൽ 21 പേർ മാത്രമായിരുന്നു ഫെബ്രുവരി 10 ന് ജോലിക്ക് ഹാജരായത്. അവധി എടുത്ത് ജീവനക്കാർ വിനോദ യാത്രക്ക് പോയതോടെ താലൂക്ക് ഓഫീസിൽ എത്തിയവർ പലരും നിരാശരായി മടങ്ങി. പലർക്കും പല രേഖകളും അതേദിവസം തന്നെ വേണ്ടവർ ആയിരുന്നു. തഹസിൽദാർ ഉൾപ്പെടെ വിനോദ യാത്രക്ക് പോയപ്പോൾ 19 പേർ മാത്രമാണ് ലീവ് അപേക്ഷ നൽകിയിരുന്നത്. 21 പേര് അവധി അപേക്ഷയും നൽകിയിരുന്നില്ല.
മാധ്യമങ്ങളിലൂടെ കൂട്ട അവധിയും വിനോദ യാത്രയും വാർത്തയായതോടെ സ്ഥലം എംഎൽഎ ജനീഷ് കുമാർ താലൂക്ക് ഓഫീസിൽ എത്തി. വികലാംഗർ ഉൾപ്പെടെ നിരവധിയാളുകൾ വിവിധ ആവശ്യങ്ങൾക്കായി താലൂക്ക് ഓഫീസിൽ ഉണ്ടായിരുന്നു. ഡെപ്യൂട്ടി തഹസിൽദാർ എത്തി ബാക്കിയുള്ളവർക്കും അവധി രേഖപ്പെടുത്തി. എംഎൽഎ റവന്യൂ മന്ത്രിയെ വിവരം അറിയിച്ചതിനെ തുടർന്ന് എഡിഎമ്മിനോട് റിപ്പോർട്ട് ആവശ്യപ്പെടുകയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...