വിനോദസഞ്ചാരമേഖലയിൽ ജനപങ്കാളിത്ത വികസനത്തിന്റെ പുത്തൻ ചരിത്രമെഴുതുകയാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത്. നിശ്ചയദാർഢ്യത്തോടെ ഒരു പഞ്ചായത്ത് സമിതി മുന്നിട്ടിറങ്ങിയിൽ വിനോദ സഞ്ചാരമേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാനാകുമെന്നതിന്റെ നേർസാക്ഷ്യമാവുകയാണ് മറവൻതുരുത്ത് ഗ്രാമ പഞ്ചായത്ത്. ടൂറിസം വകുപ്പ് ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയിൽ ഉൾപ്പെട്ട 10 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ ഒന്നാണ് കോട്ടയം ജില്ലയിലെ മറവൻതുരുത്ത്. വിനോദ സഞ്ചാരമേഖലയിലെ ഏറ്റവും വലിയ ജനകീയ മുന്നേറ്റം സാദ്ധ്യമാവുകയാണിവിടെ.


COMMERCIAL BREAK
SCROLL TO CONTINUE READING

ഒരു കാലത്ത് മറവൻതുരുത്തിന്റെ ഗ്രാമീണ ജീവിതവുമായി അഭേദ്യ ബന്ധമുണ്ടായിരുന്നതും കാലാന്തരത്തിൽ മാലിന്യ വാഹിനികളും മാലിന്യ നിക്ഷേപ കേന്ദ്രങ്ങളുമായി മാറിപ്പോയ 18 കനാലുകളാണ് ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന സ്ട്രീറ്റ് പദ്ധതിയുടെ ഭാഗമായ വാട്ടർ സ്ട്രീറ്റുകളായി മറവൻതുരുത്ത് ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരിവർത്തനം ചെയ്യപ്പെട്ടത്. ജനകീയ പങ്കാളിത്തത്തോടെ 18 കനാലുകളിലേയും മുഴുവൻ മാലിന്യവും നീക്കം ചെയ്തു ആഴം കൂട്ടി. തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി എല്ലാ ജലാശയങ്ങളും ജലഗതാഗത യോഗ്യമാക്കി. ജലാശയങ്ങളുടെ തീര സംരക്ഷണത്തിന് കരിങ്കല്ല് കെട്ടുക എന്ന പതിവ് ശൈലിമാറ്റി കയർ ഭൂവസ്ത്രം വിരിക്കുകയും കണ്ടലുകൾ വച്ച് പിടിപ്പിക്കുകയും ചെയ്തു. വൃത്തിയാക്കിയ കനാലുകളിൽ വീണ്ടും മാലിന്യം വീഴില്ലെന്ന് ഉറപ്പ് വരുത്താൻ 40 വീടുകൾക്ക് ഒരു ക്ലസ്റ്റർ എന്ന നിലയിൽ ആർ.ടി സ്ട്രീറ്റ് ക്ലസ്റ്ററുകൾ നിലവിൽ വന്നു. 


പ്രാദേശികമായി RT ക്ലബ്ബുകൾ രൂപീകരിച്ച് പ്രവർത്തനം ശക്തിപ്പെടുത്തി. ഓരോ വീട്ടിൽ നിന്നും അജൈവമാലിന്യങ്ങൾ സംഭരിക്കാൻ ഹരിതകർമ്മസേനയെ ചുമതലപ്പെടുത്തി. മാലിന്യ സംഭരണത്തോട് വിമുഖത കാണിച്ചവരെ തിരുത്താൻ ഗ്രാമ പഞ്ചായത്ത് അംഗങ്ങളും ക്ലസ്റ്റർ ഭാരവാഹികളും ടൂറിസം വികസന സമിതി അംഗങ്ങളും പതിവായി ഗൃഹ സന്ദർശനം നടത്തി. വൃത്തിയാക്കിയ പുഴകളും കായലും കനാലുകളുടെയും തീരങ്ങളിൽ പൂച്ചെടികൾ വച്ച് പിടിപ്പിക്കുന്ന പ്രവർത്തനം തീരത്ത് താമസിക്കുന്ന വീട്ടുകാർ ഏറ്റെടുത്തു. അവിടെ തദ്ദേശീയർ ശിക്കാരകൾ ഇറക്കി തുടങ്ങി. തുഴയുന്ന വള്ളങ്ങളിൽ ചെറിയ കനാലുകളിൽ അപകടരഹിതമായി സഞ്ചരിക്കാൻ സഞ്ചാരികൾക്ക് അവസരമൊരുങ്ങിക്കഴിഞ്ഞു. കനാലുകളിലും പുഴകളിലും കായലിലും പരിശീലനം നേടിയ കയാക്കിംഗ് വിദഗ്ധരുടെ സഹായത്തോടെ ടൂറിസ്റ്റുകൾക്ക് കയാക്കിംഗ് ചെയ്യാൻ തദ്ദേശീയമായ കയാക്കിംഗ് ക്ലബ്ബുകൾ അവസരം ഒരുക്കുന്നു.


Also Read: Optical Illusion : നിങ്ങൾ അതിബുദ്ധിമാനാണോ? എങ്കിൽ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്ന വസ്തുക്കൾ 10 സെക്കന്റിൽ കണ്ടെത്തൂ


 


വാട്ടർ സ്ട്രീറ്റിലൂടെ മറവൻതുരുത്തിലെ കനാലുകൾ ജീവൻ തിരിച്ച് പിടിക്കുകയാണ്. വരാലും പൂളോനും കരിമീനും ഞണ്ടും പൂഞ്ഞാനും  ആർപ്പ് വിളിച്ചും ആർത്തുല്ലസിച്ചും ആ വാട്ടർ സ്ട്രീറ്റുകളിൽ പുളച്ച് മറിയുന്നുണ്ട്. കൊതുകിന്റെ മഹാ സമ്മേളനങ്ങൾക്ക് അവസാനം കുറിച്ച് തവളക്കൂട്ടം  മദിച്ചുല്ലസിക്കുന്നുണ്ട്. അന്യം നിന്ന് പോയ ഞവണിക്ക ആയിരക്കണക്കായി തിരിച്ച് വന്നിരിക്കുന്നു. വാട്ടർ സ്ട്രീറ്റിന് പുറമേ ഗ്രീൻ സ്ട്രീറ്റും, ആർട്ട് സ്ട്രീറ്റും, വില്ലേജ് ലൈഫ് എക്സ്പീരിയൻസ് സ്ട്രീറ്റും, ഫുഡ് സ്ട്രീറ്റും അഗ്രി സ്ട്രീറ്റും എല്ലാം തയ്യാറായി വരുന്നു. ഓരോ വീടിന്റെയും പുറം ചുവരിൽ മറവൻതുരുത്തിന്റെ കലയും സംസ്കാരവും ജീവിതരീതിയും ഉത്സവങ്ങളും ജനകീയമായ മുന്നേറ്റത്തിലൂടെ സംസ്ഥാനത്തെ വിവിധ ക്യാമ്പസുകളിൽ നിന്നെത്തിയ ചിത്രകലാ പ്രവർത്തകർ ക്യാപ്റ്റൻഫൗണ്ടേഷന്റെ നേതൃത്വത്തിൽ ആഗസ്റ്റ് 19, 20, 21 തീയതികളിലായി കോറിയിട്ടു. 


അടുത്ത ഘട്ടം ആർട്ട് സ്ട്രീറ്റ് തയ്യാറാക്കൽ ഒക്ടോബർ ആദ്യവാരം നടക്കും. ജനകീയമായ ഇടപെടലിലൂടെ ടൂറിസം റിസോർസ് ഡയറക്ടി തയ്യാറാക്കി പ്രസിദ്ധീകരിച്ചു. പുല്ലും പുൽച്ചാടിയും തൊട്ടാവാടിയും ശലഭങ്ങളും ആറ്റുവേലയും ഗരുഡൻ തൂക്കവും ഭദ്രകാളി തീയാട്ടും നാഗയക്ഷിയും ഗന്ധർവ്വനും ഉറഞ്ഞാടുന്ന വർണ്ണക്കളങ്ങളും സർപ്പക്കാവുകളും കൈത്തറികളുടെ സംഗീതവും പുള്ളുവൻ പാട്ടിന്റെ വശ്യതയും നിറഞ്ഞ മറവൻതുരുത്തിന്റെ മാസ്മരികത നിറഞ്ഞ ഗ്രാമ്യ ജീവിതം അതിൽ കോറിയിട്ടിട്ടുണ്ട്....
 
ഉത്തരവാദിത്ത ടൂറിസം മിഷനിലൂടെ ടൂറിസം വകുപ്പ് തദ്ദേശീയർക്കാവശ്യമായ എല്ലാ പരിശീലനങ്ങളും നൽകി വരുന്നുണ്ട്. മൂവാറ്റുപുഴയാറിന്റെ കൈവഴികളായ നിരവധി പുഴകളും വേമ്പനാട് കായലും അതിരിടുന്ന ഒരു ദ്വീപാണ് മറവൻതുരുത്ത്. ജന്മിത്തത്തിനെതിരായ ജനകീയ മുന്നേറ്റങ്ങൾ ഒട്ടേറെ കണ്ട നാട്. കുടികിടപ്പവകാശത്തിന് വേണ്ടി പോരാടിയ മനുഷ്യരെ ചവിട്ടിയരച്ച ബൂട്ടുകളുടെ പാടുകൾ ആ മണ്ണിലുണ്ട്. അമർന്ന് പോയ നിലവിളികൾ മുദ്രാവാക്യങ്ങളായ് രൂപാന്തരപ്പെട്ടപ്പോൾ അവരെ സംഘടിപ്പിക്കാനെത്തിയ രാഷ്ട്രീയ നേതൃത്വത്തിന് ഒളിയിടം ഒരുക്കി അവരെ നിധി പോലെ കാത്ത് വച്ച നാട്. എത്തിപ്പെടാൻ മാർഗ്ഗമില്ലാത്തതിനാൽ മർദ്ദകവീര്യത്തിന് മറവൻതുരുത്തിനെ ഒരിക്കലും സമ്പൂർണ്ണമായി കൈപ്പിടിയിലൊതുക്കാൻ കഴിഞ്ഞിരുന്നില്ല എന്നത് ചരിത്രം.


എന്നാൽ ജനകീയാസൂത്രണ കാലത്ത് നടത്തിയ ജനകീയ മുന്നേറ്റങ്ങളിലൂടെ തദ്ദേശ വാസികൾ പണി കഴിപ്പിച്ച പാലങ്ങൾ കൂടിയായതോടെ മറവൻതുരുത്തിലേക്ക് എല്ലാ മേഖലകളിൽ നിന്നുമുള്ള വഴികളും പാലങ്ങളും തുറന്ന് കിട്ടി. ഇന്നിതാ ജനകീയ ടൂറിസം മുന്നേറ്റത്തിൽ മറവൻതുരുത്ത് ചരിത്രമെഴുതുകയാണ്. ആ ചരിത്രത്തിന്റെ ഭാഗമാകാൻ വിനോദസഞ്ചാര പൊതുമരാമത്ത് യുവജന കാര്യമന്ത്രി
ശ്രീ.പി.എ.മുഹമ്മദ് റിയാസും, സഹകരണ - രജിസ്ട്രേഷൻ - സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.വി.എൻ. വാസവനും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.വി. വേണു ഐ എ എസും അടക്കം നിരവധി പ്രമുഖരാണ് എത്തിയത്. വേൾഡ് ട്രാവൽ മാർക്കറ്റിന്റെ ഉപദേശകനും ഐ സി ആർ ടി ഫൗണ്ടറുമായ ഡോ ഹാരോൾഡ് ഗുഡ്‌വിനും വാഷിംഗ്ടൺ പോസ്റ്റിനും ന്യൂയോർക്ക് ടൈംസിനും വേണ്ടി ടൂറിസം ഫ്രീലാൻസ് റിപ്പോർട്ടർ ആയി പ്രവർത്തിക്കുന്ന മിസ് . പേജ് മക് ക്ലാനഹാനും മറവൻതുരുത്തിൽ ആഗസ്റ്റ് 25ന് എത്തിച്ചേർന്നപ്പോൾ വിവിധയിടങ്ങളിൽ വാദ്യമേളങ്ങളോടെ, മറവൻതുരുത്തിലെ തനത് കലാരൂപങ്ങളോടെ നൂറ് കണക്കിന് ആളുകൾ ആണ് സ്വീകരിക്കാൻ എത്തിയത്.


ബദൽ ടൂറിസം സങ്കൽപ്പങ്ങൾ പ്രായോഗികവും സാദ്ധ്യമാക്കാവുന്നതുമാണെന്ന്  മറവൻ തുരുത്ത് തെളിയിക്കുകയാണ്. അവർ പുതു ചരിത്രം രചിക്കുന്ന തിരക്കിലാണ്. അതിന് നേതൃത്വം കൊടുക്കാൻ ഗ്രാമ പഞ്ചായത്ത് കമ്മറ്റിയും ടൂറിസം വികസന സമിതിയും ഉത്തരവാദിത്ത ടൂറിസം മിഷനും ടൂറിസം വകുപ്പും എല്ലാം ഒറ്റക്കെട്ടായി മുന്നിലുണ്ട്. മറവൻതുരുത്തിലെ വാട്ടർ സ്ട്രീറ്റുകൾ വിനോദസഞ്ചാരത്തിലൂടെ ജനകീയ ജല സംരക്ഷണത്തിന്റെ പുതിയ സംസ്കാരം രൂപപ്പെടുത്താമെന്നതിന്റെ സാർവ്വദേശീയ മാതൃകയാണെന്ന് ഇന്റർനാഷണൽ സെന്റർ ഫോർ റെസ്പോൺസിബിൾ ടൂറിസം അവാർഡ് ജൂറി പ്രഖ്യാപിച്ച് കഴിഞ്ഞു. 



കൊച്ചിയിൽ നിന്ന് ഒരു മണിക്കൂർ, കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും ഒരു മണിക്കൂർ 10 മിനിറ്റ്, ആലപ്പുഴയിൽ നിന്ന് ഒന്നരമണിക്കൂർ, കുമരകത്ത് നിന്നും 40 മിനിട്ട് - എന്നിങ്ങനെയാണ് മറവൻതുരുത്തിലേക്കുള്ള യാത്രാ സമയം. താമസ സൗകര്യത്തിനായി രണ്ട് പ്രധാന റിസോർട്ടുകൾ മറവൻതുരുത്ത് പഞ്ചായത്തിലുണ്ട്. നിരവധി ഹോം സ്റ്റേകൾക്ക് വൈകാതെ ലൈസൻസ് ലഭ്യമാകും. നിരവധി ശിക്കാരകൾ, കയാക്കുകൾ, കനാൽ യാത്രക്കനുയോജ്യമായ വള്ളങ്ങൾ എന്നിവ ലഭ്യമാണ്. ഉത്തരവാദിത്ത ടൂറിസം മിഷൻ സഞ്ചാരികൾക്കായി പാക്കേജുകൾ തയ്യാറാക്കിയിട്ടുമുണ്ട്.


കുറിപ്പ് തയ്യാറാക്കിയത് - കെ.രൂപേഷ് കുമാർ (ഉത്തരവാദിത്ത ടൂറിസം സംസ്ഥാന മിഷൻ കോ ഓർഡിനേറ്റർ)



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.