കോട്ടയം: ഹൃദയം തുറക്കാതെ രക്തക്കുഴലുകളില്‍ കൂടി കടത്തിവിടുന്ന ട്യൂബിലൂടെ (കത്തീറ്റര്‍) ഹൃദയ വാല്‍വ് മാറ്റുന്ന നൂതന ശസ്ത്രക്രിയയായ ടാവി വിജയകരമായി നടത്തി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രി. കോട്ടയം മെഡിക്കല്‍ കോളജില്‍ ഇതാദ്യമായാണ് ടാവി ശസ്ത്രക്രിയ നടക്കുന്നത്. പത്തനംതിട്ട സ്വദേശിയായ അറുപത്തിയൊന്നുകാരിയാണ് ശസ്‌ത്രക്രിയക്ക് വിധേയയായത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച നടന്ന ശസ്ത്രക്രിയയ്ക്ക് ശേഷം രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായി ശസ്ത്രക്രിയ നടത്തിയ മുഴുവന്‍ ടീമിനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അഭിനന്ദനമറിയിച്ചു.തകരാറിലായ അയോര്‍ട്ടിക് വാല്‍വ് മാറ്റിവയ്ക്കേണ്ടതും എന്നാല്‍ പ്രായാധിക്യമോ മറ്റു അവശതകളോ കാരണം ഹൃദയം തുറന്നുള്ള ശസ്ത്രക്രിയക്ക് വിധേയരാകാന്‍ സാധിക്കാത്തവരിലാണ് ടാവി ചെയ്യുന്നത്. 


ടാവിക്ക് സാധാരണ വാല്‍വ് മാറ്റിവയ്ക്കല്‍ ശാസ്ത്രക്രിയയുമായി വ്യത്യാസങ്ങളുണ്ട്. പ്രായം കൂടിയവര്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവര്‍, ഹൃദയത്തിന്റെ പമ്പിങ് കുറഞ്ഞവര്‍ എന്നിവരില്‍ ഹൃദയം തുറന്നുള്ള (ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറി) ശസ്ത്രക്രിയ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ള രോഗികള്‍ക്ക് ഗുണകരമാണ് ടാവി. രോഗിയെ ബോധം കെടുത്തുന്നില്ല, വലിയ മുറിവ് ഉണ്ടാകുന്നില്ല, രക്തനഷ്ടം കുറവാണ് എന്നിവ ടാവിയുടെ പ്രത്യേകതയാണ്. കുറഞ്ഞ ദിവസത്തെ ആശുപത്രി വാസത്തിനു ശേഷം വളരെ വേഗം തന്നെ രോഗിക്ക് സാധാരണ ജീവിതത്തിലേക്ക് മടങ്ങിവരാന്‍ സാധിക്കും.


മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ. ടി.കെ. ജയകുമാര്‍, കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. വി.എല്‍. ജയപ്രകാശ്, ഡോ. ആശിഷ് കുമാര്‍, ഡോ. എന്‍. ജയപ്രസാദ്, ഡോ. സുരേഷ് മാധവന്‍, ഡോ. പി.ജി അനീഷ്, ഡോ. മഞ്ജുഷ പിള്ള, നഴ്സുമാരായ എലിസബത്ത്, ഗോപിക, ടെക്നീഷ്യന്മാരായ അരുണ, ജിജിന്‍, സന്ധ്യ എന്നിവരടങ്ങിയ മെഡിക്കല്‍ സംഘമാണ് ടാവിക്ക് നേതൃത്വം നല്‍കിയത്. പ്രിന്‍സിപ്പല്‍ ഡോ. ശങ്കറും സന്നിഹിതനായിരുന്നു. 13 ലക്ഷം രൂപ ചെലവു വരുന്ന ശസ്ത്രക്രിയ ഏകദേശം 11 ലക്ഷം രൂപയ്ക്ക് പൂര്‍ത്തീകരിക്കാനായി.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ