കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസ് :പ്രതികളെ പിടിക്കാതെ പൊലീസ്
കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സെക്യൂരിറ്റി ജീവനക്കാരെ മർദ്ദിച്ച് സംഭവത്തിൽ സെക്യൂരിറ്റി ജീവനക്കാർ കടുത്ത പ്രതിഷേധത്തിൽ. വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് പ്രതിരോധമന്ത്രിയെയും രാഷ്ട്രപതിയേയും സമീപിക്കാൻ ഒരുങ്ങുകയാണ് സുരക്ഷാ ജീവനക്കാർ. കഴിഞ്ഞ ഓഗസ്റ്റ് 30നാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡിവൈഎഫ്ഐ പ്രവർത്തകർ സെക്യൂരിറ്റി ജീവനക്കാരെ ക്രൂരമായി മർദ്ദിച്ചത്.
രോഗിയോടൊപ്പം എത്തിയ ഡിവൈഎഫ്ഐ പ്രവർത്തകനെ അന്യായമായി കടത്തിവിടാത്തതിന്റെ പേരിലായിരുന്നു ആദ്യം വാക്ക് തർക്കം ഉണ്ടായത്. തുടർന്ന് 15 ഓളം ആളുകളെത്തി സെക്യൂരിറ്റി ജീവനക്കാരനെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. വിഷയത്തിൽ പോലീസും ഡിവൈഎഫ്ഐയും ഒത്തു കളിക്കുകയാണെന്ന് ആരോപണം ശക്തമായിരുന്നു. മുൻകൂർ ജാമ്യ അപേക്ഷ കോടതി തള്ളിയ സാഹചര്യത്തിൽ ഡിവൈഎഫ്ഐ ജില്ലാ ജോയിൻ സെക്രട്ടറി ഉൾപ്പെടെയുള്ള അഞ്ചുപേർ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു.
ബാക്കി പ്രതികൾക്കായുള്ള അന്വേഷണം തുടരുന്നു എന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഒരു മാസം പിന്നിട്ടിട്ടും മറ്റു പ്രതികളെ പിടിക്കാത്തതിൽ വലിയ പ്രതിഷേധമാണ് സെക്യൂരിറ്റി ജീവനക്കാരുടെ സംഘടന ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ വിമുക്തഭടന്മാരായ സുരക്ഷാ ജീവനക്കാർ ഒരുങ്ങുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...