തിരുവനന്തപുരം: സ്ഥലം മാറ്റിയതില്‍ മനംനൊന്ത് കെഎസ്ആര്‍ടിസി ബസ് ഡ്രൈവര്‍ ജീവനൊടുക്കി. കെഎസ്ആർടിസിയുടെ പുനലൂർ ഡിപ്പോയിൽ നിന്നും പത്തനംതിട്ടയിലേക്ക് ഇന്നലെ സ്ഥലം മാറ്റിയ തെൻമല ഇടമൺ സ്വദേശി നസറുദ്ദീനാണ് ആത്മഹത്യ ചെയ്തത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പുനലൂരില്‍ നിന്നും മൂന്നു മാസം മുന്‍പാണ് നസറുദ്ദീനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. ദിവസങ്ങള്‍ക്കകം പത്തനംതിട്ടയിലേക്കും മാറ്റി. ഒരു മുന്നറിയിപ്പുമില്ലാതെ അടിക്കടി സ്ഥലംമാറ്റുന്നതില്‍ നസറുദ്ദീൻ പ്രതിഷേധിച്ചിരുന്നു. 


ഹൃദയസംബന്ധമായ അസുഖവും പ്രായാധിക്യവും ചൂണ്ടിക്കാട്ടി തന്നെ പുനലൂരിലേക്ക് മാറ്റണമെന്ന് കാണിച്ച് ഇദ്ദേഹം അധികൃതര്‍ക്ക് കത്ത് നല്‍കിയിരുന്നു. കൂടാതെ എടിഒയെ നേരിട്ട് കണ്ട് കാര്യം ബോധിപ്പിക്കുകയും ചെയ്തു. എന്നാല്‍, അധികൃതരുടെ ഭാഗത്ത് നിന്നും യാതൊരുവിധ നടപടിയും ഉണ്ടായില്ല. പുനലൂര്‍ ഡിപ്പോയില്‍ പോകുന്നെന്ന് പറ‍ഞ്ഞ് ഇന്ന് രാവിലെ വീട്ടില്‍ നിന്നുമിറങ്ങിയ നസറുദ്ദീൻ ആയിരനെല്ലൂര്‍ പാലത്തിനോട് ചേര്‍ന്ന ഷെഡ്ഡില്‍ തൂങ്ങി മരിക്കുകയായിരുന്നു.


കെഎസ്ആര്‍ടിസി പുനലൂര്‍ ഡിപ്പോയിലെ എടിഒ അജീഷ് കുമാറാണ് തന്‍റെ മരണത്തിന് കാരണമെന്ന് കാണിച്ച് നസറുദ്ദീൻ എഴുതിയ ആത്മഹത്യകുറിപ്പ് പരിശോധനയില്‍ കണ്ടെത്തി. ആത്മഹത്യാക്കുറിപ്പിന്‍റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.