KSRTC Bus | നീല പെയിൻ്റടിച്ച പുത്തൻ ബസ്സുകൾ കണ്ട് ആരും ഞെട്ടണ്ട; ഇത് നെയ്യാറ്റിൻകര സ്റ്റേഷനിൽ നിന്നുള്ള സ്പെഷ്യൽ ഷട്ടിൽ സർവീസുകൾ!
നെയ്യാർ ഷട്ടിൽ എന്ന് നാമകരണം ചെയ്തിട്ടുള്ള സിറ്റി സർവീസുകൾക്ക് ഓർഡിനറി ബസ്സുകളിൽ ഏർപ്പെടുത്തുന്ന നിരക്കാണ് ഈടാക്കുന്നത്.
തിരുവനന്തപുരം: ദേശീയപാതയിലെ യാത്രാക്ലേശം പരിഹരിക്കാനും യാത്രക്കാർക്ക് സുഖയാത്ര പ്രദാനം ചെയ്യുവാനുമായി പുത്തൻ ചുവടുവയ്പ്പിനൊരുങ്ങി നെയ്യാറ്റിൻകര കെഎസ്ആർടിസി ബസ് സ്റ്റേഷൻ (Neyattinakara KSRTC Bus Station). നീലപെയിൻ്റടിച്ച് പ്രത്യേകം ക്രമീകരിച്ച നോൺ എ.സി. ലോ ഫ്ലോർ ബസുകളാണ് നിർദ്ദിഷ്ട യാത്രക്കായി കെ.എസ്.ആർ.ടി.സി (KSRTC) ഒരുക്കിയിരിക്കുന്നത്. നെയ്യാർ ഷട്ടിൽ എന്ന് നാമകരണം ചെയ്തിട്ടുള്ള സിറ്റി സർവീസുകൾക്ക് ഓർഡിനറി ബസ്സുകളിൽ ഏർപ്പെടുത്തുന്ന നിരക്കാണ് ഈടാക്കുന്നത്. ഡിപ്പോയിൽ നിന്നുള്ള അഞ്ച് നെയ്യാർ ഷട്ടിൽ സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് നാളെ രാവിലെ കെ.ആൻസലൻ എം.എൽ.എ നിർവ്വഹിക്കും.
നാളെ മുതൽ നെയ്യാറ്റിൻകരയിൽ നിന്ന് കിഴക്കേക്കോട്ട വഴി തമ്പാനൂരിലേക്കും, തിരിച്ച് കരമന വഴി നെയ്യാറ്റിൻകരയിലേക്കും അഞ്ച് നെയ്യാർ ഷട്ടിൽ സർവ്വീസുകൾ ഉണ്ടായിരിക്കും. വയോജനങ്ങൾ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് ബസിലേക്ക് കയറാനും ഇറങ്ങാനും കഴിയുന്ന വിധത്തിലാണ് ബസിലേക്കുള്ള പ്രവേശന ക്രമീകരണം. സ്ഥിരം യാത്രക്കാരായ സാധാരണക്കാരായ യാത്രക്കാർക്കായി നെയ്യാർ ഷട്ടിൽ ബസ്സുകളിൽ സീസൺ ടിക്കറ്റുകൾക്ക് സമാനമായ കാർഡുകളും ഏർപ്പെടുത്തും.
ALSO READ : ഒറ്റ ബ്ലോക്കിലും പെടാതെ കോഴിക്കോട് നിന്ന് തിരുവനന്തപുരത്തിന്, കെ.എസ്.ആർ.ടി.സിയിൽ എത്തണോ?
ഇത്തരം കാർഡ് ഉപയോഗിച്ച് കൊണ്ടുള്ള യാത്രയിലൂടെ ഉപഭോക്താവിന് പണം ലാഭിക്കാനും, പണ രഹിത ഇടപാടുകൾ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്ന് കെഎസ്ആർടിസി അധികൃതർ പറഞ്ഞു. നെയ്യാർ ഷട്ടിൽ ബസുകളിലെ യാത്രക്കാർക്ക് സ്റ്റാച്യു, പാളയം, പി.എം.ജി, പട്ടം, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലേക്ക് ബസിൽ നിന്ന് തന്നെ ടിക്കറ്റെടുക്കാനുമാകും.
ഈ ടിക്കറ്റ് ഉപയോഗിച്ച് സിറ്റി സർക്കുലർ ബസ്സുകളിൽ യാത്ര ചെയ്യാനുമാകും. തമ്പാനൂർ, കിഴക്കേകോട്ട എന്നിവിടങ്ങളിൽ നിന്ന് ഇത്തരത്തിൽ ആളുകൾക്ക് യാത്രകൾ ക്രമീകരിക്കാം. ഇതു വഴി യാത്രക്കാരുടെ സമയവും പണവും ലാഭിക്കാനാകും. നെയ്യാർ ഷട്ടിലുകളിൽ രാവിലെയും വൈകിട്ടും ഡിമാൻ്റനുസരിച്ച് നോൺ സ്റ്റോപ്പ് ട്രിപ്പുകൾ ക്രമീകരിക്കുമെന്നും അധികൃതർ പറഞ്ഞു.
ALSO READ : Ksrtc Updates| റിസർവ്വേഷൻ ചാർജ് കുറച്ചു, കെ.എസ്.ആർ.ടി.സിയിൽ ടിക്കറ്റ് ബുക്കിംഗിൽ വലിയ മാറ്റങ്ങൾ
തിരുവനന്തപുരത്തേക്കും നെയ്യാറ്റിൻകരയിലേക്കും യാത്രക്കാർ സർവീസുകളിൽ ടിക്കറ്റ് എടുക്കുമ്പോൾ തന്നെ മടക്കയാത്രയ്ക്കുള്ള ടിക്കറ്റുകളും വിതരണം ചെയ്യും. എന്നാൽ, കൺസഷൻ ടിക്കറ്റുകളും, സ്റ്റാഫ് പാസുകളും ഷട്ടിൽ സർവീസുകളിൽ അനുവദിക്കില്ല.നെയ്യാർ ഷട്ടിൽ സർവ്വീസുകളുടെ ഫ്ലാഗ് ഓഫ് നാളെ രാവിലെ കെ.ആൻസലൻ എം.എൽ.എ നിർവ്വഹിക്കും.
സംസ്ഥാനത്ത് ആദ്യമായി ബോണ്ട് സർവ്വീസും, ജില്ലയിൽ ആദ്യമായി ടൂറിസം പാക്കേജ് സ്പെഷ്യൽ സർവ്വീസും ആരംഭിച്ചത് നെയ്യാറ്റിൻകര കെഎസ്ആർടിസി ടെർമിനലിൽ നിന്നാണ്. സർവീസുകളുടെ വിജയമാണ്, നഗരപരിധിയിൽ നിന്ന് മാറി ഷട്ടിൽ സർവ്വീസുകൾ നെയ്യാറ്റിൻകരയിൽ നിന്ന് ആരംഭിക്കാൻ കെ.എസ്.ആർ.ടി.സിക്ക് സഹായകമായത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.