ബംഗളുരു: കോഴിക്കോട് നിന്ന് ബംഗളുരുവിലേക്ക് പോയ കെ.എസ്.ആർ.ടി.സി ബസിൽ വൻ കവർച്ച. ബൈക്കിലെത്തിയ അജ്ഞാതസംഘം യാത്രക്കാരുടെ സ്വർണവും പണവും കവർന്നു. വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തിയായിരുന്നു കവർച്ച. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ന് പുലർച്ചെ 2.45 ന് ചന്നപട്ടണത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. പുലർച്ചെ ചന്നപട്ടണത്തിന് അടുത്ത് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിറുത്തിയപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഉറങ്ങുകയായിരുന്ന യാത്രക്കാരെ വടിവാൾ കഴുത്തിൽ വച്ച് സ്വർണവും പണവും കവർന്നു. 


ചന്നപട്ടണം പോലീസ് സ്റ്റേഷനിലാണ് ബസ് ഇപ്പോൾ. യാത്രക്കാർ സുരക്ഷിതരാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കേരള ഡിജിപി ലോക്നാഥ് ബെഹ്റ കർണാടക ഡിജിപി ആർ.കെ ദത്തയുമായി ഫോണിൽ സംസാരിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. 


കവർച്ച നടന്ന സാഹചര്യത്തിൽ കർണാടകയിലേക്ക് സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്ക് സുരക്ഷ നൽകണമെന്ന് കെ.എസ്.ആർ.ടി.സി ആവശ്യപ്പെട്ടു.