തിരുവനന്തപുരം: രാത്രി സമയത്ത് സ്ത്രീകൾ ആവശ്യപ്പെടുന്ന സ്ഥലത്ത് കെഎസ്ആർടിസി ബസുകൾ നിർത്തണമെന്ന് ഗതാഗത വകുപ്പ്. ഇത് സംബന്ധിച്ച് ഗതാഗത വകുപ്പ് ഉത്തരവ് ഇറക്കി. ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് രാത്രി 10 മണി മുതൽ രാവിലെ 6 മണി വരെ അവർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബസ് നിർത്തിക്കൊടുക്കണമെന്നാണ് ഉത്തരവിൽ പറയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

സ്ത്രീകൾക്കൊപ്പം കുട്ടികളുണ്ടെങ്കിലും ഇത് ബാധകമാണെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. മിന്നൽ സർവീസ് ഒഴികെയുള്ള എല്ലാ സൂപ്പർ ക്ലാസ് ബസുകളും ഇത്തരത്തിൽ സ്ത്രീകളുടെ ആവശ്യപ്രകാരം നിർത്തിക്കൊടുക്കണം. മിന്നൽ ഒഴികെയുള്ള എല്ലാ സർവീസുകളും രാത്രിയിൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് നിർത്തിക്കൊടുക്കണം എന്ന് കഴിഞ്ഞ വർഷം ജനുവരിയിൽ കെഎസ്ആർടിസി എംഡി കർശന നിർദ്ദേശം നൽകിയിരുന്നു. 


ALSO READ: പെട്രോൾ പമ്പ് ഉടമയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ പ്രതികൾ കുറ്റക്കാർ


കെഎസ്ആർടിസി എംഡിയുടെ നിർദ്ദേശം ഉണ്ടായിട്ടും യാത്രക്കാർ പറയുന്നിടത്ത് ബസ് നിർത്താൻ സാധിക്കില്ലെന്ന് ചില കണ്ടക്ടർമാർ നിർബന്ധം പിടിക്കുന്നുവെന്ന് വ്യാപകമായി പരാതി ഉയർന്നിരുന്നു. ഇതിന് പുറമെ, രാത്രി സമയത്ത് സുരക്ഷിതമല്ലാത്ത സ്ഥലത്താണ് ഇറക്കി വിടുന്നതെന്ന പരാതിയും യാത്രക്കാരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. ഇതോടെയാണ് വിഷയവുമായി ബന്ധപ്പെട്ട് പ്രത്യേക ഉത്തരവ് ഇറക്കാൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദ്ദേശിച്ചത്. 


അതേസമയം, കെഎസ്ആർടിസി പെൻഷൻ വ്യാഴാഴ്ചയ്ക്കകം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയിരുന്നു. വ്യാഴാഴ്ചക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറി വി.പി ജോയി, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ എന്നിവർ നേരിട്ട് കോടതിയിൽ ഹാജരായി വിശദീകരണം നൽകണമെന്നും കോടതി ഉത്തരവിട്ടു. 


എല്ലാം മാസവും 5-ാം തീയതിക്കുളളിൽ പെൻഷൻ നൽകണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിനെ തുടർന്നാണ് ഹൈക്കോടതിയുടെ ഇടപെടൽ. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ബെഞ്ച് ഹർജി ഇന്ന് വീണ്ടും പരിഗണിക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.