ലാഭം തന്നെ, കെഎസ്ആർടിസിക്ക് ടൂർ പാക്കേജുകളിലൂടെ ലഭിച്ചത് രണ്ടരക്കോടി; പൂർത്തിയാക്കിയത് 700 ഓളം ട്രിപ്പുകൾ
ഏപ്രിൽ, മെയ് മാസങ്ങളിലായി `മിഷൻ തൗസൻഡ് ജേർണി` എന്ന പേരിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ആയിരത്തോളം ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്
തിരുവനന്തപുരം: നവംബറിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സിയുടെ ബജറ്റ് ടൂർ പാക്കേജുകൾ വഴി ഇതു വരെ കോർപ്പറേഷന് വരുമാനമായി ലഭിച്ചത് രണ്ടരക്കോടി രൂപ. 700 ട്രിപ്പുകളിലായി 8000 ത്തോളം യാത്രക്കാരാണ് വിവിധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്തത്. 67ഓളം ടൂറിസം കേന്ദ്രങ്ങളിലേക്കാണ് ആനവണ്ടികൾ ചീറിപ്പാഞ്ഞത്. കുറഞ്ഞ ചിലവിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് നടത്തുന്ന സർവീസുകൾക്ക് പൊതുജനങ്ങളിൽ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അധികൃതർ പറയുന്നു.
ഏപ്രിൽ, മെയ് മാസങ്ങളിലായി 'മിഷൻ തൗസൻഡ് ജേർണി' എന്ന പേരിൽ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കെഎസ്ആർടിസി ആയിരത്തോളം ട്രിപ്പുകളാണ് ലക്ഷ്യമിടുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ടൂറിസം കേന്ദ്രങ്ങളിലേക്ക് ആനവണ്ടികൾ ചീറിപ്പായും. കുറഞ്ഞ ചിലവിൽ ഏറ്റവും മെച്ചപ്പെട്ട യാത്രാ സൗകര്യം ലഭ്യമാക്കുകയാണ് ഇതിലൂടെ കോർപ്പറേഷൻ ലക്ഷ്യമിടുന്നതെന്ന് ബജറ്റ് ടൂറിസം ചീഫ് ട്രാഫിക് മാനേജർ ലോപ്പസ് സീ മലയാളം ന്യൂസിനോട് പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി സഹകരിച്ചാണ് യാത്രകൾ സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം നെയ്യാറ്റിൻകര ഡിപ്പോയിൽ നിന്ന് കാപ്പുകാട്ടെ വനയാത്രയിലൂടെ വിതുര കല്ലാർ വഴി പൊന്മുടിയിലേക്ക് യാത്ര സംഘടിപ്പിച്ചിരുന്നു. യാത്രക്കാരുടെ ഭാഗത്ത് നിന്ന് മികച്ച പ്രതികരണമാണ് ഇതിന് ലഭിച്ചതെന്ന് ലോപ്പസ് പറഞ്ഞു.
വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകൾ ഉൾപ്പെടെ നടത്തുക വഴി ഈ വർഷം 10 കോടി രൂപയുടെ കളക്ഷനാണ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. ഇതിനോടകം തന്നെ രണ്ടരക്കോടി രൂപയുടെ കളക്ഷൻ കെഎസ്ആർടിസിക്ക് ലഭിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിൽ നിന്നും ടൂറിസം കേന്ദ്രങ്ങളിലേക്ക് സർവീസുകൾ നടത്തുക വഴി ഇനിയും കൂടുതൽ വരുമാനം കോർപ്പറേഷൻ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പ്രതികരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA