തിരുവനന്തപുരം: ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ നിന്നു KSRTC വാങ്ങിയ 182 ടാങ്കർ ഡീസൽ കാണാനില്ലെന്ന് ധനകാര്യ പരിശോധനാ വിഭാഗം.


COMMERCIAL BREAK
SCROLL TO CONTINUE READING

14.46 കോടി രൂപ വില വരുന്ന ഡീസല്‍ ഏത് ഡിപ്പോയ്ക്കു കൈമാറിയെന്നതിന് വ്യക്തതയോ തെളിവോയില്ല. ധനകാര്യ പരിശോധനാ വിഭാഗത്തിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 


കമ്പനിയിൽനിന്നു ടാങ്കറിൽ ഡീസൽ നൽകിയിട്ടുണ്ടെങ്കിലും ഡിപ്പോകളുടെ കണക്കില്‍ അവ 'കാണാനില്ല'. എന്നാല്‍, ഡീസൽ കൃത്യമായി വിതരണം ചെയ്തിട്ടുണ്ടെന്നും ഡിപ്പോകളിൽ കണക്ക് സൂക്ഷിക്കുന്നതിൽ വന്ന പാകപ്പിഴയാണിതെന്നുമാണ് KSRTCയുടെ വിശദീകരണം.


ഡീസൽ വിതരണ സംവിധാനത്തിൽ ഗുരുതര ക്രമക്കേടുണ്ടെന്ന സൂചനയാണ് ഓഡിറ്റ് റിപ്പോർട്ടിലുള്ളത്. ഏത് ഡിപ്പോയ്ക്കാണ് ഡീസൽ കൈമാറിയതെന്ന് തെളിവില്ല. എണ്ണക്കമ്പനികളിൽനിന്നു ഡിപ്പോകളിലേക്കെത്തുന്ന ഡീസൽ സ്വീകരിക്കുന്നതിലും വിതരണം ചെയ്യുന്നതിലും കൃത്യമായ കണക്കുകൾ സൂക്ഷിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 


അക്കൗണ്ടി൦ഗ് വിഭാഗത്തിന് സംഭവിച്ച തെറ്റാണ് ധനകാര്യവിഭാഗത്തിന്‍റെ പരിശോധനയിൽ വെളിപ്പെട്ടത്. ഫിനാൻസ് വിഭാഗത്തിലെ കൺട്രോളർ ഓഫ് പർച്ചേസിനാണ് ഡീസൽ വാങ്ങുന്നതിന്റെ ചുമതല. 12,000 ലിറ്റർ ഡീസലാണ് ഒരു ടാങ്കറിലുള്ളത്. ഇതു ചിലപ്പോൾ മൂന്ന് ഡിപ്പോകളിലേക്കായി വീതംവെക്കും. ഒരു ഡിപ്പോയിൽ വരവുവെച്ചശേഷം മറ്റു സ്ഥലങ്ങളിലേക്കു കൈമാറിയെന്നു രേഖപ്പെടുത്തേണ്ടതുണ്ട്. 


ഡീസൽ വീതംവെച്ച ഒരു ഡിപ്പോകളിലും വരവുവെക്കാറില്ല. മറ്റു ഡിപ്പോകളിലെ ബസുകൾക്ക് ഇന്ധനം നൽകുന്നതിന്റെ കണക്കും ഇത്തരത്തിൽ കൈമാറ്റം ചെയ്യേണ്ടതുണ്ട്..


എറണാകുളത്ത് ഡീസലിന് വിലക്കുറവുള്ളതിനാൽ മറ്റു ഡിപ്പോകളിലെ ദീർഘദൂര ബസുകൾ ഇവിടെനിന്ന് ഇന്ധനം നിറയ്ക്കാറുണ്ട്. ഇത്തരത്തിൽ ഡീസൽ നൽകുമ്പോൾ കൈമാറിയതിന്റെ കണക്കിൽ ഇത് ഉൾക്കൊള്ളിക്കണം. ഇതിൽ വീഴ്ച്ച സംഭവിച്ചിട്ടുണ്ട്.


വിവിധ വിഭാഗങ്ങളിൽനിന്നുള്ള വിവരങ്ങൾ സമാഹരിക്കുന്നതിലും ക്രോഡീകരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച സംഭവിച്ചിട്ടുണ്ട്.