ബാങ്ക് അവധി: വിഷുക്കാലത്ത് ശമ്പളമില്ലാതെ കെഎസ്ആർടിസി ജീവനക്കാർ; 28 ന് സൂചനപണിമുടക്ക്
ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് വിഷുവിന് ശമ്പളം ലഭിക്കില്ല. ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി രൂപ കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് സർവീസ് നിർത്തിവച്ചു കൊണ്ട് ട്രേഡ് യൂണിയൻ സംഘടനകള്‍ ഈ മാസം 28ന് സൂചനാ പണിമുടക്കിനും ആഹ്വാനം ചെയ്തിട്ടുണ്ട്. കെഎസ്ഇബിയിലെ തൊഴിലാളി യൂണിയൻ സംഘടനകൾ നടത്തുന്ന പ്രത്യക്ഷ സമരത്തിന് പിന്നാലെ കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയും സർക്കാരിന് തലവേദന സൃഷ്ടിക്കുകയാണ്.
87 കോടിയോളം രൂപ അനുവദിക്കേണ്ട കെഎസ്ആർടിസിയിലാണ് ധനവകുപ്പ് കഴിഞ്ഞ ദിവസം 30 കോടി അനുവദിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കോർപ്പറേഷന് ഇന്ധനവില വർധന വലിയ ബാധ്യതയാണ് സൃഷ്ടിക്കുന്നത്. അതിനൊപ്പമാണ് കൃത്യ സമയത്ത് ശമ്പളം നൽകാൻ കഴിയാത്ത സാഹചര്യവുമുള്ളത്. ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ച് ഇടതു യൂണിയൻ സംഘടനകളടക്കം 28ന് സൂചന പണിമുടക്കിലേക്ക് നീങ്ങുമെന്നും അറിയിച്ചിട്ടുണ്ട്. വിഷുദിനം പ്രമാണിച്ച് ഇന്നും നാളെയും ബാങ്ക് അവധിയായതിനാൽ ധനവകുപ്പ് അനുവദിച്ച 30 കോടി ഇനിയും കെഎസ്ആർടിസിയുടെ അക്കൗണ്ടിലെത്തിയിട്ടില്ല.
സിഐടിയുവിനും എഐടുയിസിക്കും പിന്നാലെ സമരത്തിന് ബിഎംഎസ്സും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മാസവും അഞ്ചിനകം ശമ്പള വിതരണം നടത്തണമെന്ന് യുണിയനുകൾ മാനേജ്മെൻ്റിനോട് ആവശ്യപ്പെട്ടിരുന്നു. വിഷുവിന് മുൻപ് ശമ്പളം കൊടുത്തില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്കരിച്ച് അനിശ്ചിതകാല സമരമെന്ന് യൂണിയനുകൾ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
അതേസമയം, കെഎസ്ആർടിസിയുടെ കയ്യിലുള്ള തുക സ്വരൂക്കൂട്ടിയാലും ശമ്പളം നൽകാൻ തികയില്ലെന്നാണ് മാനേജ്മെന്‍റ് പറയുന്നത്. കൂടുതൽ സഹായം വേണമെന്ന് കെഎസ്ആർടിസി സർക്കാരിനോട് ആവശ്യപ്പെടും. പക്ഷേ, പെൻഷൻ ബാധ്യതയടക്കം ഈ മാസം ഇതിനോടകം തന്നെ 230 കോടി അനുവദിച്ചെന്നും കൂടുതൽ തുക ഉടൻ നൽകാനാകില്ലെന്നുമാണ് സർക്കാർ നിലപാട്.
എന്നാൽ, സമരം ചെയ്താൽ ശമ്പളവും പെൻഷനും നൽകാൻ കാശ് കിട്ടുമോ എന്നായിരുന്നു ഗതാഗതമന്ത്രി ആന്‍റണി രാജുവിന്‍റെ ചോദ്യം. കെ - സ്വിഫ്റ്റ് ബസുകളുടെ സർവീസുകൾ ഉൾപ്പടെ കൊട്ടിഘോഷിച്ച് നടത്താൻ തീരുമാനിച്ച സർക്കാർ എന്തു കൊണ്ട് 14-ാം തിയതിയായിട്ടും ശമ്പളം നൽകാൻ തയ്യാറാകുന്നില്ലെന്നാണ് ട്രേഡ് യൂണിയൻ സംഘടന നേതാക്കൾ ഉൾപ്പടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...