യൂണിയനുകൾക്ക് മന്ത്രിയുടെ മുന്നറിയിപ്പ്: പണിമുടക്ക് ഒറ്റമൂലിയല്ല; യുണിയനുകൾക്ക് ധിക്കാരമെന്നും ആന്റണി രാജു
സംസ്ഥാനത്ത് നിലവിലുള്ള 100 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്ആർടിസിയെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ഉത്തരവാദിത്വം മാനേജ്മെൻ്റിനാണെന്നും ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസി യൂണിയനുകൾക്കെതിരെ വിമർശനവുമായി ഗതാഗതമന്ത്രി ആൻ്റണി രാജു. ജീവനക്കാരെ തെറ്റായ വഴിയിലേക്ക് യൂണിയനുകൾ നയിക്കുന്നു. യൂണിയനുകൾക്ക് ധിക്കാരമാണ്. കെഎസ്ആർടിസിയുടെ ശമ്പള വിഷയത്തിൽ ഇടപെടില്ലെന്ന് പറഞ്ഞിട്ടില്ല. അവശ്യഘട്ടങ്ങളിൽ സർക്കാർ ഇടപെടൽ ഉണ്ടാകും. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പണിമുടക്ക് രീതി യൂണിയനുകൾ മാറ്റണമെന്നും മന്ത്രി പ്രതികരിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് നിലവിലുള്ള 100 പൊതുമേഖലാ സ്ഥാപനങ്ങളിൽ ഒന്നാണ് കെഎസ്ആർടിസിയെന്നും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ഉത്തരവാദിത്വം മാനേജ്മെൻ്റിനാണെന്നും ഗതാഗതമന്ത്രി കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. ഇതിനെതിരെ യൂണിയനുകൾ ശക്തമായ ഭാഷയിലാണ് വിമർശനവുമായി രംഗത്തെത്തിയത്. ശമ്പള പ്രതിസന്ധിയിൽ നേരത്തെയുള്ള പ്രതികരണങ്ങളിൽ നിന്നുള്ള മലക്കംമറിച്ചിലും മന്ത്രിയുടെ വാക്കുകളിൽ കണ്ടു. യൂണിയനുകളുടെ വിമർശനങ്ങൾക്കും മന്ത്രി കൃത്യമായ മറുപടി നൽകി.
Read Also: പൗർണമിക്കാവിലെ മഹാകാളി യാഗത്തിൽ കൈലാസപുരി സ്വാമി എത്തി
കെഎസ്ആർടിസി യൂണിയനുകൾക്ക് ധിക്കാരമാണെന്ന് പറഞ്ഞ മന്ത്രി എല്ലാത്തിൻ്റെയും ഒറ്റമൂലി പണിമുടക്കല്ലെന്നും ചൂണ്ടിക്കാട്ടി. വരവും ചെലവും തമ്മിൽ വലിയ അന്തരമാണുള്ളത്. ജീവനക്കാരെ തെറ്റായ വഴിയിലേക്കാണ് യൂണിയനുകൾ നയിക്കുന്നത്. ശമ്പളം നൽകില്ലെന്ന സർക്കാരോ മാനേജ്മെൻ്റോ പറഞ്ഞിട്ടില്ല. പണിമുടക്ക് നടത്തി ജനങ്ങളെ വലയ്ക്കുന്ന സമ്പ്രദായത്തിൽ നിന്ന് യൂണിയനുകൾ പിന്മാറണമെന്നും ആൻ്റണി രാജു പറഞ്ഞു.
സർക്കാർ ഉറപ്പ് വിശ്വസിക്കാത്ത യൂണിയന്റെ അജണ്ട വേറെ ഉദ്ദേശ ലക്ഷ്യത്തോടെയുള്ളതാണ്. സിഐടിയു യൂണിയനുകൾ സ്വീകരിച്ച നിലപാട് മറ്റ് യൂണിയനുകൾ കൈക്കൊണ്ടില്ല. ജനങ്ങളെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയോട് സർക്കാർ യോജിക്കില്ല. സർക്കാർ ഇതിനു മുന്നിൽ കൈയുംകെട്ടി നോക്കിനിൽക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി. അവശ്യഘട്ടങ്ങളിൽ കെഎസ്ആർടിസിയുടെ ശമ്പള വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. അത്തരം ഇടപെടലുകൾ ഇനിയും തുടരുമെന്നും മന്ത്രി വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...