കെഎസ്ആർസിയിൽ ശമ്പള പ്രതിസന്ധി: കൈമലർത്തി ഗതാഗത മന്ത്രി, സിഎംഡി വിദേശത്ത്; ആരോട് ചോദിക്കണമെന്നറിയാതെ ജീവനക്കാർ
കെ.എസ് ആർ.ടി.സി യൂണിയനുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസം മന്ത്രി രംഗത്ത് എത്തുകയും ചെയ്തു.
തിരുവനന്തപുരം: ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിട്ട് കെ.എസ്.ആർ.ടി.സി. മാസം പകുതി പിന്നിട്ടിട്ടും കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെ വിതരണം ചെയ്യാൻ കഴിഞ്ഞിട്ടില്ല. പത്താം തീയതിക്കുള്ളിൽ ശമ്പളം നൽകാം എന്ന ഉറപ്പാണ് ഈ മാസം അഞ്ചാം തീയതി സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയിൽ ഗതാഗത മന്ത്രി ആന്റണി രാജു നൽകിയിരുന്നത്. എന്നാൽ തോട്ടടുത്ത ദിവസം പ്രതിപക്ഷ സംഘടനകൾ സൂചനാ പണിമുടക്ക് നടത്തിയതോടെ ശമ്പളക്കാര്യത്തിൽ നിന്ന് മന്ത്രി പിന്നോട്ട് പോയി. കെ.എസ് ആർ.ടി.സി യൂണിയനുകൾക്കെതിരെ രൂക്ഷമായ വിമർശനവുമായി കഴിഞ്ഞ ദിവസം മന്ത്രി രംഗത്ത് എത്തുകയും ചെയ്തു.
യൂണിയനുകൾക്ക് ധിക്കാരമാണെന്നും ശമ്പളം കിട്ടാനുള്ള ഒറ്റമൂലി പണിമുടക്കല്ലെന്നുമാണ് ആന്റണി രാജു കഴിഞ്ഞ ദിവസം പറഞ്ഞത്. കെ.എസ്.ആർ.ടി.സി എം.ഡി വിദേശത്ത് ആയതിനാൽ ശമ്പള പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ കാര്യമായി നടക്കുന്നുമില്ല. എന്ന് ശമ്പളം നൽകാനാകുമെന്ന ഉറപ്പ് ജീവനക്കാർക്ക് നൽകാൻ ഇപ്പോഴും കെ.എസ് .ആർ.ടി.സി മാനേജ്മെന്റിന് കഴിയുന്നില്ല. ആരോട് ശമ്പളം ചോദിക്കണമെന്ന് അറിയാത്ത അവസ്ഥയിലാണ് ജീവനക്കാർ. കെ.ടി.ഡി.എഫ്.സിയിൽ നിന്ന് 30 കോടി രൂപ വായ്പ എടുത്ത് തൽക്കാലം ശമ്പള പ്രതിസന്ധിക്ക് പരിഹാരം കാണാനാണ് മാനേജ്മെന്റ് ആലോചിച്ചത്. 3000 കോടിയുടെ ബാങ്ക് വായ്പ നിലവിൽ കെ.എസ്.ആർ .ടി.സി എടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇനിയും വായ്പ എടുക്കുന്നത് പ്രായോഗികമല്ലെന്നാണ് മാനേജ്മെന്റിന്റെ വിലയിരുത്തൽ. ഓവർ ഡ്രാഫ്റ്റ് ആയി മാത്രമേ പണം കണ്ടെത്താൻ കഴിയുകയുള്ളൂ. അതിന് സർക്കാർ ഗ്യാരന്റിയും ആവശ്യമാണ്. നിലവിലെ പ്രതിസന്ധിയുടെ സാഹചര്യത്തിൽ 65 കോടി രൂപ സർക്കാരിനോട് ആവശ്യപ്പെട്ടെങ്കിലും 30 കോടി മാത്രമാണ് ധനവകുപ്പ് അനുവദിച്ചത്. കൂടുതൽ തുക അനുവദിക്കാൻ കഴിയില്ലെന്നാണ് സർക്കാർ നിലപാട്.
82 കോടി രൂപയാണ് ഒരു മാസത്തെ ശമ്പളം നൽകാനായി വേണ്ടത്. എസ്.ബി.ഐയിൽ നിന്ന് 45 കോടി രൂപ ഓവർ ഡ്രാഫ്റ്റ് എടുത്താണ് മാർച്ച് മാസത്തെ ശമ്പളം 17 ദിവസം വൈകി നൽകിയത്. വിഷുവിനും ഈസ്റ്ററിനും ശമ്പളം ലഭിക്കാത്തതിന്റെ പേരിൽ ഭരണ പക്ഷ അനുകൂല സംഘടനകളടക്കം പ്രതിഷേധിച്ചിരുന്നു. അഞ്ചര കോടി രൂപയാണ് കെ.എസ്. ആർ.ടി.സി.യുടെ പ്രതിദിനവരുമാനം. ഇതിൽ 93 ലക്ഷം രൂപ വായ്പ തിരിച്ചടവ് ഇനത്തിലും 3.5 കോടി ഇന്ധന ചെലവിനായും മാറ്റിവക്കണം. 20 കോടിയോളം രൂപ മറ്റ് ചിലവുകൾക്കായും വിനിയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സർക്കാരിന്റെ സഹായമില്ലാതെ കെ.എസ്.ആർ.ടി.സിക്ക് ഒരു തരത്തിലും മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...