കെഎസ്ആർടിസി ശമ്പള പ്രശ്നം; യൂണിയനുകളുമായി മന്ത്രിതല ചർച്ച
തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ചർച്ചയിൽ പ്രാമുഖ്യം നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ പ്രശ്നങ്ങൾ സംബന്ധിച്ച് സർക്കാർ ഇന്ന് യൂണിയനുകളുമായി ചർച്ച നടത്തും. യൂണിയനുകളുമായുള്ള ചർച്ചയിൽ ഗതാഗത-തൊഴിൽ വകുപ്പുകളിലെ മന്ത്രിമാർ പങ്കെടുക്കും. അംഗീകൃത യൂണിയൻ പ്രതിനിധികളേയും മാനേജ്മെന്റ് പ്രതിനിധികളേയുമാണ് ചർച്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. തൊഴിലാളികളുടെ ആവശ്യങ്ങൾക്ക് ചർച്ചയിൽ പ്രാമുഖ്യം നൽകുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു ഇന്നലെ വ്യക്തമാക്കിയിരുന്നു.
എല്ലാ മാസവും അഞ്ചാം തീയതിക്കകം ശമ്പളം നൽകണം, 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി അടിച്ചേൽപ്പിക്കരുത് തുടങ്ങിയ ആവശ്യങ്ങളാണ് തൊഴിലാളി യൂണിയനുകൾ മുന്നോട്ട് വയ്ക്കുന്നത്. അതേസമയം, കെഎസ്ആർടിസിയിലെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. ഭൂരിഭാഗം തൊഴിലാളികൾക്കും ജൂലൈയിലെ ശമ്പളം ലഭിച്ചിട്ടില്ല.
ALSO READ: ലോകായുക്ത ഭേദഗതിയിൽ സിപിഐ മന്ത്രിമാർക്ക് വിയോജിപ്പ്; ബില്ല് പാസാക്കുന്നത് നിയമസഭയിലാണെന്ന് കാനം
ജൂലൈ മാസത്തെ ശമ്പളം നൽകാനായി 10 ദിവസം കൂടി സാവകാശം വേണമെന്നാവശ്യപ്പെട്ട് ഇക്കഴിഞ്ഞ ബുധനാഴ്ച്ച കെഎസ്ആർടിസി സത്യവാങ്മൂലം നൽകിയിരുന്നു. ശമ്പളം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് കെഎസ്ആർടിസി ജീവനക്കാർ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശമ്പള കാര്യത്തിൽ ഹൈക്കോടതിക്ക് നൽകിയ വാക്ക് പാലിക്കാനാകാത്ത മാനേജ്മെന്‍റിനേയും സർക്കാരിനെയും രൂക്ഷമായ ഭാഷയിലാണ് കോടതി കഴിഞ്ഞ ദിവസം വിമർശിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...