കെഎസ്ആർടിസിയിൽ ശമ്പള പ്രതിസന്ധി; ബജറ്റിൽ വകയിരുത്തിയതിന് പുറമേ പണം നൽകാൻ കഴിയില്ലെന്ന് ധനമന്ത്രി
കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ പകുതി തുക സർക്കാർ നൽകുന്നുണ്ട്. എന്നാൽ, ഇത് മുഴുവൻ നൽകാൻ സർക്കാരിന് കഴിയില്ലെന്നും ധനമന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധിയിൽ പ്രതികരണവുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കോവിഡ് കാലത്ത് കെഎസ്ആർടിസിക്ക് ധനവകുപ്പ് 2300 കോടി നൽകി. ബജറ്റിൽ വകയിരുത്തിയതിന് പുറമേ പണം നൽകാൻ കഴിയില്ല. കെഎസ്ആർടിസിയുടെ നഷ്ടത്തിന് കാരണം കേന്ദ്ര സർക്കാർ നയമാണെന്നും ബാലഗോപാൽ പ്രതികരിച്ചു. ഇന്ധന വിലയിൽ കേന്ദ്രം കുറവ് നൽകണം. കെഎസ്ആർടിസി ജീവനക്കാർക്കുള്ള ശമ്പളത്തിന്റെ പകുതി തുക സർക്കാർ നൽകുന്നുണ്ട്. എന്നാൽ, ഇത് മുഴുവൻ നൽകാൻ സർക്കാരിന് കഴിയില്ലെന്നും ധനമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
4100 കോടിയോളം ജിഎസ്ടി കുടിശ്ശിക കിട്ടാനുണ്ട്. കേന്ദ്രത്തിൽ നിന്ന് കിട്ടാനുള്ള തുകയാണിത്. മാർച്ച് 31 വരെയുള്ള കണക്കുകൾ പ്രകാരമാണിതെന്നും ബാലഗോപാൽ പറഞ്ഞു. നികുതി പങ്കിടൽ സംബന്ധിച്ച് വ്യാജ പ്രചരണമാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. ഓൺലൈൻ ലോട്ടറി തട്ടിപ്പിൽ സർക്കാർ ഇടപെടലുണ്ടാകും. ഇക്കാര്യങ്ങളിലെല്ലാം കർശനമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി. പൊതു ഖജനാവിലെ പണം ഉപയോഗിച്ചാണ് തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നതെന്ന കെ.സുധാകരൻ്റെ ആരോപണത്തിനും ധനമന്ത്രി മറുപടി നൽകി.
പൊതു ഖജനാവിലെ പണം ഉപയോഗിച്ചല്ല തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ചട്ടവും നിയമവും അനുസരിച്ചാണ് സർക്കാർ പ്രവർത്തനം. കോൺഗ്രസ് അങ്ങനെയാണോ ചെയ്യുന്നതെന്ന് ആലോചിക്കണം. മന്ത്രിമാർ ഉൾപ്പടെയുള്ളവർ നിയമപരമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ബാലഗോപാൽ ചൂണ്ടിക്കാട്ടി. എഎപി - ട്വൻ്റി ട്വൻ്റി സഖ്യത്തെക്കുറിച്ചും മന്ത്രി പ്രതികരിച്ചു. കേരള മോഡലിനെക്കുറിച്ച് എഎപി എന്ത് കൊണ്ട് പറയുന്നില്ലെന്ന് ബാലഗോപാൽ ചോദിച്ചു. സർക്കാർ ഒരു ദിവസം കൊണ്ട് പൊട്ടിമുളച്ചതല്ല. ഡൽഹി മുഖ്യമന്ത്രി കണക്കുകൾ പരിശോധിച്ച് വേണം മറുപടി പറയാനെന്നും കേന്ദ്ര സഹായം കിട്ടുന്നത് കൊണ്ടാണ് ഡൽഹിയിൽ കാര്യങ്ങൾ നടക്കുന്നതെന്നും ബാലഗോപാൽ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...