കോഴിക്കോട്: കോഴിക്കോട്ട് നിന്ന് ബംഗളൂരുവിലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാരെ വാള്‍കാട്ടി ഭീഷണിപ്പെടുത്തി കൊള്ളയടിച്ച നാലംഗ സംഘത്തിലെ മൂന്നുപേര്‍കൂടി പോലീസ് പിടിയില്‍. ഇപ്പോള്‍ പിടിയിലായവരും മാണ്ഡ്യ സ്വദേശികളാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കവര്‍ച്ചാ സംഘത്തിലെ മുഖ്യപ്രതി സംഭവദിവസം തന്നെ തന്നെ പിടിയിലായിരുന്നു. മാണ്ഡ്യ സ്വദേശിയായിരുന്നു ഇയാള്‍. ഇയാള്‍ക്ക് ചന്നപട്ടണത്തെ മയക്കുമരുന്നു മാഫിയാസംഘവുമായി ബന്ധമുണ്ട്. ഇയാളില്‍ നിന്ന് യാത്രക്കാരുടെ പേഴ്‌സും മറ്റ് വസ്തുക്കളും കണ്ടെടുത്തിരുന്നു.


ഇപ്പോള്‍ പിടിയിലായ മൂന്നുപേരെയും കെഎസ്ആര്‍ടിസി ബസിലെ ജീവനക്കാര്‍ തിരിച്ചറിഞ്ഞാലുടന്‍ അറസ്റ്റ് രേഖപ്പെടുത്തും.


ബുധനാഴ്ച വൈകിട്ട് കോഴിക്കോട്ടു നിന്ന് ബഗളൂരുവിലേക്കു പോയ സുല്‍ത്താന്‍ ബത്തേരി ഡിപ്പോയുടെ സൂപ്പര്‍ഫാസ്റ്റ് ബസിലാണ് കവര്‍ച്ച നടന്നത്. 27 യാത്രക്കാരായിരുന്നു ബസില്‍ ഉണ്ടായിരുന്നത്. മിക്കവരും ഉറക്കത്തിലായിരുന്നു. വ്യാഴാഴ്ച പുലർച്ചെ 2.45 ന് ചന്നപട്ടണത്തിന് അടുത്ത് വച്ചായിരുന്നു സംഭവം. പുലർച്ചെ ചന്നപട്ടണത്തിന് അടുത്ത് പ്രാഥമികാവശ്യങ്ങൾക്കായി ബസ് നിറുത്തിയപ്പോൾ ബൈക്കിലെത്തിയ നാലംഗസംഘം മാരകായുധങ്ങളുമായി ബസിലേക്ക് ഇരച്ചു കയറുകയായിരുന്നു. ഉറങ്ങുകയായിരുന്ന യാത്രക്കാരെ വടിവാൾ കഴുത്തിൽ വച്ച് ഭീഷണിപ്പെടുത്തി സ്വർണവും പണവും കവരുകയായിരുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെ മൂന്നുപേരാണ് കവര്‍ച്ചക്കിരയായത്. രണ്ടു സ്ത്രീകളുടെ കഴുത്തില്‍ കിടന്ന മാലകള്‍ കവര്‍ച്ചക്കാര്‍ പൊട്ടിച്ചെടുക്കുകയായിരുന്നു. പുറത്തുനില്‍ക്കുകയായിരുന്ന ഒരു യാത്രക്കാരനെ ഭീഷണിപ്പെടുത്തി പഴ്‌സില്‍ നിന്ന് 2000 രൂപയും കവര്‍ന്നു.