തിരുവനന്തപുരം:  സംസ്ഥാനത്ത് നാളെ മുതല്‍ ദീര്‍ഘദൂര  KSRTC ബസുകള്‍  സര്‍വീസ് നടത്തുമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. 


COMMERCIAL BREAK
SCROLL TO CONTINUE READING

206 ദീര്‍ഘദൂര സര്‍വീസുകളാണ് ആരംഭിക്കുന്നത്.  പഴയ നിരക്കിലായിരിക്കും സര്‍വീസ്. എന്നാല്‍ അന്യ സംസ്ഥാനത്തേക്ക് ഇപ്പോള്‍ യാത്ര ഉണ്ടാവില്ല. കണ്ടെയ്ന്‍മെന്റ് സോണുകള്‍ ഒഴികെയുള്ള പ്രദേശത്ത് നിന്നാണ് സര്‍വീസുകള്‍ നടത്തുകയെന്നും മന്ത്രി പറഞ്ഞു.


കോവിഡ് രോഗികള്‍ കൂടുതലുള്ള തിരുവനന്തപുരം തമ്പാനൂരില്‍ നിന്ന് കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഉണ്ടാകില്ലയെന്നും പകരം   തിരുവനന്തപുരത്തെ ആനയറയില്‍ നിന്നാകും താല്‍ക്കാലിക സംവിധാനം ഉണ്ടാവുകയെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


കോവിഡ് വ്യാപനം മൂലം  യാത്രക്കാര്‍ ബസുകളെ ആശ്രയിക്കുക എന്ന രീതി കുറഞ്ഞു. കൂടുതല്‍ ആളുകള്‍ പൊതുഗതാഗത സംവിധാനത്തെ ഉപേക്ഷിക്കുന്നത് വലിയ വെല്ലുവിളിയാണ്. ഈ പശ്ചാത്തലത്തിലാണ് നഷ്ടമാണെങ്കില്‍ കൂടിയും കെഎസ്ആര്‍ടിസി സര്‍വീസ് നടത്താന്‍ തീരുമാനിച്ചതെന്നും മന്ത്രി പറഞ്ഞു.


അതേസമയം നാളെ മുതൽ സംസ്ഥാനത്ത്  സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവയ്ക്കും.  അനിശ്ചിതകാലത്തേക്ക് നിരത്തില്‍ നിന്നൊഴിയുന്നതായി കാണിച്ച് ഒന്‍പതിനായിരത്തോളം ബസുകള്‍ സര്‍ക്കാരിന് ജി ഫോം നല്‍കി. ബാക്കിയുള്ളവയും അടുത്ത ദിവസങ്ങളില്‍ നിരത്തില്‍നിന്ന് പിന്‍മാറും.


ബസിന് യാത്രക്കാരുടെ കുറവും ഇന്ധനച്ചെലവും കാരണം 900 രൂപയാണ് പ്രതിദിന നഷ്ടം. ഈ രീതിയില്‍ മുന്നോട്ടു പോകാനാകാത്തതുകൊണ്ടാണ് അടുത്തദിവസം മുതല്‍ ബസുകള്‍ സര്‍വീസ് നിര്‍ത്തുന്നത് എന്നാണ്  സ്വകാര്യ ബസുടമകൾ അറിയിക്കുന്നത്. 


ഡിസംബര്‍ വരെയുള്ള റോഡ് നികുതി ഒഴിവാക്കണമെന്നാണ് ബസുടമകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.  എന്നാല്‍, സമയം നീട്ടി നല്‍കുകയല്ലാതെ മറ്റു വഴിയില്ലെന്നാണ്  ഗതാഗതവകുപ്പിന്റെ  നിലപാട്. നികുതി അടയ്ക്കാനുള്ള സമയം ഒക്ടോബര്‍ വരെ  നീട്ടി നല്‍കാമെന്നാണ് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ അറിയിച്ചത്.


മന്ത്രിയുടെ നിര്‍ദേശം പൂര്‍ണമായും തള്ളിയ ബസുടമകള്‍ കോവിഡ് തീരുന്നത് വരെ ഇന്ധനത്തിനു സബ്‌സിഡി അനുവദിക്കുക, തൊഴിലാളികളുടെ ക്ഷേമനിധി സര്‍ക്കാര്‍ അടയ്ക്കുക, ഡിസംബര്‍ വരെയെങ്കിലും റോഡ് നികുതി ഒഴിവാക്കുക എന്നീ ആവശ്യങ്ങളും മുന്നോട്ടുവെച്ചു.  നികുതി ഒഴിവാക്കുന്നതോ ഇന്ധനത്തിന് സബ്‌സിഡി അനുവദിക്കുന്നതോ പ്രായോഗികമല്ലെന്നും ഗതാഗതവകുപ്പ് പറയുന്നത്.  ഇതേത്തുടർന്നാണ്  സ്വകാര്യ ബസുടമകൾ  സര്‍വീസ് നിര്‍ത്തിവയ്ക്കാൻ തീരുമാനിക്കുന്നത്.