തിരുവനന്തപുരം: ഓണക്കാലത്ത് മറ്റ് നടുകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്ക് നാട്ടിലെത്താന്‍ യാത്രാ സൗകര്യമൊരുക്കി കെഎസ്ആര്‍ടിസി. ഓണാവധിക്കാലത്ത് ബാംഗ്ലൂര്‍, മൈസൂര്‍, കോയമ്പത്തൂര്‍, ചെന്നൈ എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്കെത്തുന്നവര്‍ക്കായി മാവേലി ബസ് സര്‍വീസ് ആണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. നിരക്കുകള്‍ മിതമായിരിക്കും.


COMMERCIAL BREAK
SCROLL TO CONTINUE READING

ആഗസ്റ്റ് 17 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെയാണ് സ്‌പെഷ്യല്‍ ബസ് സര്‍വീസ് നടത്തുക. നിലവില്‍ സര്‍വീസ് നടത്തുന്നതില്‍ കൂടുതലായി 100 ബസ്സുകള്‍ കേരളത്തിലെ പ്രധാനപ്പെട്ട പട്ടണങ്ങളില്‍ നിന്നും ജില്ലാ കേന്ദ്രങ്ങളില്‍ നിന്നും ബംഗളൂരുവിലേക്കും മൈസൂരിലേക്കും കോയമ്പത്തൂരിലേക്കും കൂടാതെ പെര്‍മിറ്റ് ലഭ്യമാകുന്ന പക്ഷം ചെന്നൈയിലേക്കും തിരിച്ചുമുളള സര്‍വീസുകള്‍ ആണ് നടത്തുക. 


മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ എസി, മള്‍ട്ടി ആക്‌സില്‍ വോള്‍വോ എസി ബസ്സുകള്‍ കൂടാതെ സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എയര്‍ എക്‌സ്പ്രസ്, സൂപ്പര്‍ഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളാണ് യാത്രയ്ക്കായി ക്രമീകരിച്ചിരിക്കുന്നത്.


യാത്രക്കാര്‍ നിരന്തരമായി കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പേജിലൂടെയും ഇമെയില്‍ വഴിയും സ്പെഷ്യല്‍ സര്‍വീസിനായുള്ള ആവശ്യം ഉന്നയിച്ചതിന്‍റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി ഇപ്രകാരം മറുനാടന്‍ മലയാളികള്‍ക്ക് വേണ്ടി യാത്രാ സൗകര്യം ഒരുക്കുന്നത് എന്ന് കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. 


ഈ സര്‍വീസുകള്‍ക്കെല്ലാം തന്നെ ഓണ്‍ലൈനായി സീറ്റ് റിസര്‍വേഷന്‍ സൗകര്യം ഏര്‍പ്പെടുത്തുന്നുമെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ആര്‍ടിസിയുടെ ഓണ്‍ലൈന്‍ വെബ്‌സൈറ്റ് ആയ www.keralartc.in മുഖാന്തരവും മുന്‍കൂട്ടി സീറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.