കെഎസ്ആർടിസി ശമ്പള പ്രതിസന്ധിക്കിടെ യൂണിയനുകളുമായി ഗതാഗത മന്ത്രി ആന്റണി രാജു ഇന്ന് ചർച്ച നടത്തും. പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രതിപക്ഷ യൂണിയനുകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം ഉറപ്പാക്കണമെന്നാണ്  ജീവനക്കാർ മുന്നോട്ട് വെക്കുന്ന ആവശ്യം. മെയ് 5ന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കില്‍ മെയ് 6ന് പണിമുടക്കിലേക്ക് പോകുമെന്നും പ്രതിപക്ഷ സംഘടനകൾ വ്യക്തമാക്കുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

അതേ സമയം, കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകേണ്ട ബാധ്യത സർക്കാരിനില്ലെന്ന് ആവർത്തിക്കുകയാണ്  ഗതാഗത മന്ത്രി. ഈ സാഹചര്യത്തിലാണ് ഇന്നത്തെ ചർച്ച ഏറെ നിർണായകമാകുന്നത്. എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും പൊതുമേഖലാ സ്ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണമെന്നുമായിരുന്നു ഗതാഗത മന്ത്രി ആൻറണി രാജുവിന്റെ പരാമർശം.


ശമ്പളം കൊടുക്കേണ്ടത് കെഎസ്ആർടിസി മനേജ്മെന്റാണെന്നും എല്ലാ ചിലവും വഹിക്കാൻ സ‍ർക്കാരിനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ കെ എസ് ആർടിസിക്കുള്ള സർക്കാരിന്റെ സഹായങ്ങൾ തുടരുമെന്നും അറിയിച്ചു. പരാമർശം ചർച്ചയായതിന് പിന്നാലെ മന്ത്രി പറഞ്ഞത് സര്‍ക്കാരിന്‍റെ കൂട്ടായ തീരുമാനമാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്ഥിരീകരിച്ചിരുന്നു.അതേസമയം കെഎസ്ആര്‍ടിസി ജീവനക്കാരുടെ തൊഴില്‍ സമയം 12 മണിക്കൂറാക്കാന്‍ ആലോചനയുള്ളതായാണ് റിപ്പോർട്ട്. യൂണിയനുകളുമായി നടത്തുന്ന ചര്‍ച്ചയില്‍ മാനേജ്‌മെന്റ് ഇക്കാര്യം ഉന്നയിച്ചേക്കുമെന്നാണ് പുറത്തുവരുന്ന സൂചന. നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഇതല്ലാതെ മറ്റുമാര്‍ഗങ്ങളില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്‍റ്.


കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന്റെ ഭാഗമായാണ് ഇത്തരം പരിഷ്‌കാരങ്ങള്‍ എന്നാണ് മാനേജ്‌മെന്‍റിന്‍റെ വിശദീകരണം. തൊഴില്‍ സമയം എട്ട് മണിക്കൂറില്‍ നിന്ന് 12 മണിക്കൂറായി വര്‍ധിപ്പിച്ചാല്‍ മാത്രമേ ഇനി മുന്നോട്ടുപോകാന്‍ സാധിക്കുവെന്ന്‌ ചര്‍ച്ചയ്ക്ക് മുന്നോടിയായി യൂണിയനുകള്‍ക്ക് നല്‍കിയ കത്തില്‍ മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു.അതേസമയം മാനേജ്‌മെന്റ് നീക്കത്തിനെതിരേ ബിഎംഎസ് അടക്കമുള്ള ചില യൂണിയനുകള്‍ കടുത്ത എതിര്‍പ്പ് ഉന്നയിച്ചു.പുതിയ നിര്‍ദേശത്തിന് പിന്നാലെയായിരുന്നു കെഎസ്ആര്‍ടിസിക്ക് എല്ലാകാലവും ശമ്പളം നല്‍കാന്‍ സര്‍ക്കാരിനാകില്ലെന്ന ഗതാഗത മന്ത്രി ആന്റണി രാജുവിന്‍റെ പരാമർശം.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.