ഇന്ധനവിതരണ മേഖലയില്‍ ചുവടുറപ്പിച്ച് കെ.എസ്.ആര്‍.ടി.സി യാത്രാ ഫ്യുവല്‍സ്. സംസ്ഥാനത്ത് വിവിധയിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന യാത്രാ ഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളിലെ ഇതുവരെയുള്ള വിറ്റുവരവ് 1,106 കോടി രൂപ. കെ.എസ്.ആര്‍.ടി.സി വാഹനങ്ങള്‍ക്കും പൊതു ജനങ്ങള്‍ക്കും ഇന്ധനം നല്‍കിയതിലൂടെയാണ് ഇത്. ഇതില്‍ 25.53 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ കെ.എസ്.ആര്‍.ടി.സിയ്ക്ക് ലഭിച്ചു. പൊതുജനങ്ങള്‍ക്ക് ഇന്ധനം നല്‍കിയതുവഴി മാത്രം 163 കോടി രൂപ വിറ്റുവരവുണ്ടായി. ഇതില്‍ നിന്ന് 4.81 കോടി രൂപ കമ്മിഷന്‍ ഇനത്തില്‍ ലഭിച്ചത് നേട്ടമാണ്. 2022 ഏപ്രില്‍ മുതല്‍ ഡീസല്‍ വില വര്‍ദ്ധനവ് കാരണം ഉണ്ടാകുമായിരുന്ന 162 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ഒഴിവാക്കാന്‍ യാത്രാ ഫ്യൂവല്‍സ് ഔട്ട്‌ലെറ്റുകള്‍ വഴി ബസ്സുകള്‍ക്ക് ഇന്ധനം ലഭ്യമാക്കിയതിലൂടെ സാധിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

മുതല്‍മുടക്കില്ലാതെ ടിക്കറ്റിതര വരുമാനം വര്‍ധിപ്പിക്കുന്നതിനായി നടപ്പാക്കുന്ന ‘KSRTC Re-structure 2.0’ പദ്ധതിയുടെ ഭാഗമായാണ് കെ.എസ്.ആര്‍.ടി.സി ഇന്ധനവിതരണ മേഖലയില്‍ കടന്നത്. കേരളത്തിലെ പൊതുഗതാഗത രംഗത്ത് എന്നതുപോലെ ഇന്ധന വിതരണ രംഗത്തും ചുവടുറപ്പിച്ച് നേട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ 2021 സപ്തംബറിലാണ് ആദ്യത്തെ യാത്രാഫ്യുവല്‍സ് ഔട്ട്‌ലെറ്റ് തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. നിലവില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 13 യാത്രാഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ചേര്‍ത്തല, കോഴിക്കോട്, ചടയമംഗലം, ചാലക്കുടി, മൂന്നാര്‍, കിളിമാനൂര്‍, മൂവാറ്റുപുഴ, നോര്‍ത്ത് പറവൂര്‍, മാവേലിക്കര, തൃശൂര്‍, ഗുരുവായൂര്‍, തിരുവനന്തപുരം വികാസ് ഭവന്‍ എന്നിവിടങ്ങളിലാണ് മറ്റ് ഔട്ട്‌ലെറ്റുകള്‍.


ALSO READ : Kochi water metro: യാത്രക്കാർ ദിനംപ്രതി വർധിക്കുന്നു; കൊച്ചി വാട്ടർ മെട്രോ ഹൗസ് ഫുൾ!


2024 മാര്‍ച്ച് 31-നു മുമ്പ് 25 യാത്രാ ഫ്യൂവല്‍സ് റീട്ടെയില്‍ ഔറ്റുകള്‍ കൂടി ആരംഭിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. പൊന്‍കുന്നം, പെരുമ്പാവൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളിലെ യാത്രാഫ്യുവല്‍സ് ഔട്ട്‌ലെറ്റുകളുടെ നിര്‍മാണ പ്രവൃത്തികള്‍ പുരോഗമിക്കുകയാണ്. ഘട്ടംഘട്ടമായി സംസ്ഥാനത്തുടനീളം 75 ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്.


ഗുണമേന്മയുള്ളതും കലര്‍പ്പില്ലാത്തതുമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ക്യത്യമായ അളവില്‍ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ലഭ്യമാകുന്നത് യാത്രാഫ്യുവല്‍സിന്റെ സവിശേഷതയാണ്. ഭാവിയില്‍ പെട്രോളിനും ഡീസലിനും പുറമെ ഔട്ട്‌ലെറ്റുകളില്‍ നിന്ന് ഹരിത ഇന്ധനമായ സിഎന്‍ജി നല്‍കുന്നതിനും വൈദ്യുത വാഹനങ്ങള്‍ക്കുള്ള ചാര്‍ജ്ജിങ് സംവിധാനവും ഏര്‍പ്പെടുത്താനാണ് കെ.എസ്.ആര്‍.ടി.സി ഉദ്ദേശിക്കുന്നത്. ഓരോ മാസവും ഇന്ധന വില്‍പനയില്‍ ക്രമാനുഗതമായ വളര്‍ച്ചയുണ്ടാകുന്നതിനാല്‍ കൂടുതല്‍ ഔട്ട്‌ലെറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയിലാക്കുകയാണ് കെ.എസ്.ആര്‍.ടി.സി. യാത്രാ ഫ്യൂവല്‍സ് പദ്ധതിയ്ക്കായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് ബന്ധപ്പെട്ട എണ്ണ കമ്പനികളാണ്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.