തിരുവനന്തപുരം: കെഎസ്‍യു ഇന്ന് സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദ് നടത്തും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ അവകാശങ്ങൾക്കുവേണ്ടി സമാധാനപരമായി കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് പഠിപ്പുമുടക്കി സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 


സെക്രട്ടറിയേറ്റ് മാർച്ചില്‍ നടന്ന സംഘർഷത്തിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷനടക്കമുള്ള നേതാക്കളെ പൊലീസ് മൃഗീയമായി തല്ലിച്ചതയ്ക്കുകയായിരുന്നു.


സ്വാശ്രയ ഫീസ് വര്‍ധനവ്‌, ജസ്‌നയുടെ തിരോധാനത്തിലെ പൊലീസ് അനാസ്ഥ, പരിയാരം മെഡിക്കൽ കോളേജിലെ സ്വാശ്രയ കൊള്ള, കേരള യൂണിവേഴ്‌സിറ്റിയുടെ വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ എന്നിവയ്ക്കെതിരെയാണ് കെഎസ്‌യു പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. 


സംഘര്‍ഷത്തിനിടെ പരിക്കേറ്റ പ്രവര്‍ത്തകര്‍ ആശുപത്രിയിൽ ചികിത്സയിലാണ്. കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റ് വി.പി അബ്ദുൾ റഷീദ് കണ്ണൂർ, റിങ്കു പഠിപ്പുരയിൽ, ജനറൽ സെക്രട്ടറി സുഹൈൽ അൻസാരി, കിഷോർ, സുഹൈൽ എന്നിവരെ പൊലീസ് റിമാൻഡ് ചെയ്തിരിക്കുകയാണ്.


കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരമാണ് ഇന്നത്തെ സംസ്ഥാന വിദ്യാഭ്യാസ ബന്ദ്‌ എന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് അറിയിച്ചു.