Covid | കോവിഡ് വ്യാപനം രൂക്ഷം; കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചു
കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളവും തൃശൂരും ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകൾ മാറ്റിവച്ചു. എറണാകുളം, തൃശൂർ ജില്ലകളിലെ കുടുംബശ്രീ സിഡിഎസ് തെരഞ്ഞെടുപ്പുകളാണ് മാറ്റിവച്ചത്. കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ എറണാകുളവും തൃശൂരും ബി കാറ്റഗറിയിൽ ഉൾപ്പെട്ടിരിക്കുന്നതിനാലാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്.
കുടുംബശ്രീ സിഡിഎസുകളിലേക്ക് ചൊവ്വാഴ്ചയാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. തെരഞ്ഞെടുപ്പ് മാറ്റി വച്ചതായി എറണാകുളം, തൃശൂർ ജില്ലാ കലക്ടർമാർ ഔദ്യോഗികമായി അറിയിച്ചു. കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടറുടെ നിർദേശപ്രകാരമാണ് തീരുമാനം. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
സംസ്ഥാനത്ത് ഇന്ന് 26,514 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 4443, തിരുവനന്തപുരം 3256, കോഴിക്കോട് 2979, തൃശൂര്‍ 2687, കൊല്ലം 2421, കോട്ടയം 1900, മലപ്പുറം 1710, പാലക്കാട് 1498, കണ്ണൂര്‍ 1260, ആലപ്പുഴ 1165, പത്തനംതിട്ട 1065, ഇടുക്കി 1033, കാസര്‍ഗോഡ് 573, വയനാട് 524 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,557 സാമ്പിളുകളാണ് പരിശോധിച്ചത്.
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 4,31,176 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 4,21,138 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 10,038 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 881 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 13 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 51,987 ആയി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...