മുസ്ലിം ലീഗ് നിയമസഭ കക്ഷി നേതാവായി പി.കെ കുഞ്ഞാലിക്കുട്ടിയെ തെരഞ്ഞെടുത്തു. പാര്‍ടി അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയില്‍ ചേര്‍ന്ന നിയമസഭാംഗങ്ങളുടേയും സംസ്ഥാന ഭാരവാഹികളുടേയും യോഗത്തിലാണ് ഈ തീരുമാനം.ഇന്ന്‍ രാവിലെയാണ് യോഗം തുടങ്ങിയത് . നിയമസഭ കക്ഷി ഉപനേതാവായി എം.കെ മുനീറിനേയും പാര്‍ടി വിപ്പ് സ്ഥാനത്തേക്ക് ഇബ്രാഹീം കുഞ്ഞിനേയും തെരഞ്ഞെടുത്തു. ടി.എ അഹമ്മദ് കബീറായിരിക്കും നിയമസഭ കക്ഷി സെക്രട്ടറി.


യോഗത്തില്‍ പാര്‍ട്ടിയിലെ 18 എം.എല്‍.എമാരും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പി.വി അബ്ദുല്‍ വഹാബ് എം.പി, സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവരും പുറമെ ഇ.ടി മുഹമ്മദ് ബഷീര്‍, അബ്ദുസ്സമദ് സമദാനി തുടങ്ങിയവരും പങ്കെടുത്തു. ഈ മാസം 29ന് കോഴിക്കോട്ട് ചേരുന്ന പാര്‍ടി സംസ്ഥാന സമിതി യോഗം തെരെഞ്ഞെടുപ്പ് ഫലങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.