കണ്ണൂര്‍: കുട്ടിമാക്കൂലില്‍ സിപിഎം ഓഫിസിനകത്തു കയറി സിപിഎം പ്രവര്‍ത്തകനെ മര്‍ദിച്ചെന്ന കേസില്‍ ജാമ്യത്തിലിറങ്ങിയ ദലിത് സഹോദരിമാരില്‍ ഒരാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചു. തലശേരി സ്വദേശി അഞ്ജനയാണ് അമിതമായി ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അഞ്ജനയെ ഗുരുതരാവസ്ഥയില്‍ തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശനിയാഴ്ച വൈകിട്ട് ജയില്‍ മോചിതയായ അഞ്ജന രാത്രിയോടെയാണ് ജീവനൊടുക്കാന്‍ ശ്രമിച്ചത്.ആശുപത്രി ഐസിയുവില്‍ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് അഞ്ജന. ചാനല്‍ ചര്‍ച്ചകളില്‍ ഒരു വനിതാ നേതാവ് തങ്ങളെപ്പറ്റി മോശമായി സംസാരിച്ചതിന്റെ മനോവിഷമത്തിലാണ് സംഭവമെന്നു അഞ്ജനയുടെ ബന്ധുക്കള്‍ പറഞ്ഞു.ദലിത് യുവതികളായ അഖില, അഞ്ജന എന്നിവര്‍ക്ക് തലശ്ശേരി ചീഫ് ജുഡീഷ്യല്‍ ഫസ്റ്റ്ക്ളാസ് മജിസ്ട്രേട്ട് കോടതി ഇന്നലെയാണ് ജാമ്യം അനുവദിച്ചത്. ഇരുവരും ഇന്നലെ വൈകീട്ട് 5.30ഓടെ കണ്ണൂര്‍ വനിതാ ജയിലില്‍നിന്ന് മോചിതരാവുകയായിരുന്നു.  


ഈമാസം 11ന് വൈകീട്ട് അഞ്ചിന് കുട്ടിമാക്കൂലിലെ കടയില്‍ സാധനം വാങ്ങാനത്തെിയ അഖിലയെയും അഞ്ജുനയെയും ഡി.വൈ.എഫ്.ഐ തിരുവങ്ങാട് ഈസ്റ്റ് വില്ലേജ് കമ്മിറ്റി ജോയന്‍റ് സെക്രട്ടറി ഷിജിലിന്‍റെ  നേതൃത്വത്തില്‍ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തിരുന്നുവത്രെ. ഇതേ തുടര്‍ന്ന് ഇരുവരും സി.പി.എം ഓഫിസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്‍െറ രണ്ടാം നിലയില്‍ കയറി ഷിജിലിനെ (27) അടിക്കുകയും ഓഫിസിലെ ഫര്‍ണിച്ചര്‍ നശിപ്പിക്കുകയും ചെയ്തുവെന്നാണ് ഇവർക്കെതിരെ ചുമത്തിയ കറ്റം. തലശ്ശേരി പൊലീസ് ഇരുവരെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തുകയായിരുന്നു. പെണ്‍കുട്ടികളെ സ്റ്റേഷനില്‍ ഹാജരാക്കണമെന്നും ജാമ്യം നല്‍കുമെന്നുമാണത്രെ പൊലീസ് അറിയിച്ചിത്. ഇതേ തുടര്‍ന്ന് തലശ്ശേരി സ്റ്റേഷനിലത്തെിയ ഇവരെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.


തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന്‍െറ ചുമതല വഹിക്കുന്ന കണ്ണൂര്‍ സെക്കന്‍ഡ് ക്ളാസ് മജിസ്ട്രേട്ട് മുമ്പാകെ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്ത് വനിതാജയിലിലേക്ക് അയച്ചു. യുവതികളെ ആക്രമിച്ച കേസില്‍ നേരത്തേ മൂന്നു സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്.