ദില്ലി: കണ്ണൂരിലെ കുട്ടി മാക്കൂലില്‍  രണ്ട് ദലിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പൂര്‍ണ ഉത്തരവാദിത്തം സിപിഐഎമ്മിനും പൊലീസിനുമാണെന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാട് നിഷേധാത്മകമാണെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം കേന്ദ്ര നേതൃത്വം ഇടപെടണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.


COMMERCIAL BREAK
SCROLL TO CONTINUE READING

പൊലീസിനോട് ചോദിച്ചാല്‍ വിവരം ലഭിക്കുമെന്നായിരുന്നു ആഭ്യന്തര വകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ മറുപടി. മുഖ്യമന്ത്രിയുടെ നിലപാട് വിചിത്രമാണെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസിനോട് ചോദിക്കാനാണെങ്കില്‍ എന്തിനാണൊരു മുഖ്യമന്ത്രി? എന്തിനാണൊരു ആഭ്യന്തര മന്ത്രി, പൊലീസ് ഭരിച്ചാല്‍ പോരെ? സംസ്ഥാനം ഭരിക്കുന്ന ഒരു മുഖ്യമന്ത്രിയില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാന്‍ പറ്റാത്ത ഒന്നാണിത്. മുഖ്യമന്ത്രിയുടെ നിലപാട് തന്നെ ഞെട്ടിച്ചു, സ്വന്തം നാട്ടില്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുമ്പോള്‍ ഇതൊന്നും അറിയില്ലെന്ന പിണറായി വിജയന്‍റെ നിലപാട് തെറ്റാണ്. ഇത് അംഗീകരിക്കാനാകില്ല.സ്വന്തം പാര്‍ട്ടിക്കാരുടെ അതിക്രമങ്ങള്‍ക്ക് പൊലീസിന്‍റെ ഒത്താശയെ ന്യായീകരിക്കുന്ന സമീപനമാണ് സി.പി.എമ്മും പിണറായി വിജയനും നടത്തുന്നതെന്നും സുധീരന്‍ കുറ്റപ്പെടുത്തി.


പെണ്‍കുട്ടികള്‍ക്ക് ജാമ്യം നിഷേധിച്ച മജിസ്‌ട്രേറ്റിന്റെ നടപടി ദുരൂഹമാണെന്ന് സുധീരന്‍ പ്രതികരിച്ചു. സംഭവത്തില്‍ ആഭ്യന്തര വകുപ്പിന് വീഴ്ചയുണ്ടായി. ഭീകരരെ കൈകാര്യം ചെയ്യുന്നതു പോലെയായിരുന്നു പൊലീസിന്റെ നടപടി. ജാമ്യത്തിനായി പാസ്‌പോര്‍ട്ട് ഹാജരാക്കണം, എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനില്‍ ഹാജരാകണം തുടങ്ങിയ വ്യവവസ്ഥകള്‍ മുന്നോട്ട് വെച്ച മജിസ്‌ട്രേറ്റിന്റെ നടപടികള്‍ ദുരൂഹമാണെന്നും സുധീരന്‍ ആരോപിച്ചു.യുവതികള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ലെന്ന പ്രചരണം തെറ്റാണ്. മജിസ്ട്രേറ്റ് അപേക്ഷ സ്വീകരിക്കാൻ തയ്യാറായില്ല എന്നതാണ്. ഈ നടപടി ദുരൂഹമാണ്. നീതി പീഠത്തില്‍ നിന്നും പെൺകുട്ടികൾക്ക് നീതി ലഭിച്ചില്ലെന്നും തലശ്ശേരി മജിസ്ട്രേറ്റിനെതിരെ നിയമ നടപടി സ്വീകരിക്കുന്ന കാര്യം ആലോചിക്കുമെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.