തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥി ജോ ജോസഫിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് കെ.വി തോമസ്; കോൺഗ്രസിൽ ഉറച്ച് നിൽക്കുമെന്നും പ്രഖ്യാപനം; നാളെ കെ.വി തോമസ് മാധ്യമങ്ങളെ കാണും
കെ വി.തോമസ് ഇടത് മുന്നണിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ ശക്തമായിരിക്കെയാണ് തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്
കൊച്ചി: കെ വി.തോമസ് ഇടത് മുന്നണിയിലേക്ക് പോകുമെന്ന പ്രചരണങ്ങൾ ശക്തമായിരിക്കെയാണ് തൃക്കാക്കരയിലെ ഇടത് മുന്നണി സ്ഥാനാർഥി ഡോ. ജോ ജോസഫിന് വേണ്ടി പ്രചരണത്തിനിറങ്ങുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരിക്കുന്നത്. കോൺഗ്രസ് ബന്ധം ഉപേക്ഷിക്കാതെ തന്നെ ഇടത് മുന്നണിക്ക് വേണ്ടി പ്രചരണ രംഗത്ത് ഇറങ്ങാനാണ് കെ.വി തോമസിന്റെ തീരുമാനം. പന്ത്രണ്ടാം തീയതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന എൽഡിഎഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിലാകും ഇടത് സ്ഥാനാർഥിക്കായി കെ.വി തോമസ് ആദ്യമായി വോട്ട് അഭ്യർഥിക്കുക.
തുടർന്ന് ജോ ജോസഫിന് വേണ്ടി അദ്ദേഹം പ്രചരണത്തിനും ഇറങ്ങും. അതേ സമയം കോൺഗ്രസ് വിട്ട് മറ്റൊരു പാർട്ടിയിലേക്കും പോകില്ലെന്നും കെ.വി തോമസ് ആവർത്തിച്ചു. എൻസിപിയിൽ പേകുമെന്ന പ്രചരണങ്ങളും അദ്ദേഹം തള്ളി. താൻ ഇപ്പോഴും എഐസിസി അംഗമാണെന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വം പുതുക്കിയതായും കെ.വി.തോമസ് വ്യക്തമാക്കി.കോൺഗ്രസ് നേതൃത്വത്തിനെതിരെയും ശക്തമായ വിമർശനം കെ വി.തോമസ് ഉന്നയിച്ചു. ഇടത് പക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതമാക്കിയത് കോൺഗ്രസ് നേതൃത്വമാണ്.പാർട്ടിയുടെ ഒരു പരിപാടിയും അറിയിക്കുന്നില്ലെന്നും കടുത്ത അവഗണനയാണ് നേരിടുന്നതെന്നും കെ.വി തോമസ് പറഞ്ഞു.
നാളെ പതിനൊന്ന് മണിക്ക് കെ.വി തോമസ് മാധ്യമങ്ങളെ കാണും.ഭാവി നിലപാടുകൾ അപ്പോൾ വിശദീകരിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്. ശക്തമായി നിന്ന പല മണ്ഡലങ്ങളും കോൺഗ്രസിനെ കൈവിട്ടിട്ടുണ്ടെന്നും കോണ്‍ഗ്രസിന്റെ അമിതമായ ആത്മവിശ്വാസം എത്രമാത്രം ഗുണം ചെയ്യുമെന്ന് ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.വി.തോമസിനെ കോൺഗ്രസ് പൂർണമായും കൈവിട്ടുകഴിഞ്ഞു. അദ്ദേഹവുമായി ഇനി ഒരുതരത്തിലുള്ള ഒത്തു തീർപ്പ് ചർച്ചക്കും കോൺഗ്രസ് തയ്യാറുമല്ല. കോൺഗ്രസ് രാഷ്ടീയ കാര്യ സമിതിയിൽ നിന്നും കെപിസിസി എക്സിക്യുട്ടീവിൽ നിന്നും കെ.വി തോമസിനെ അടുത്തിടെ പുറത്താക്കിയിരുന്നു.
എഐസിസി സംഘടന തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതോടെ കേവലം പാർട്ടി അംഗം മാത്രമായി അദ്ദേഹം മാറും.സോണിയാ ഗാന്ധിയുടെയും കെ.സുധാകരൻരെയും വിലക്ക് ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള സെമിനാറിൽ പങ്കെടുത്തതോടെയാണ് കെ.വി തോമസ് പാർട്ടിക്ക് അനഭിമതനായി മാറിയത്.മുഖ്യമന്ത്രിയെ പുകഴ്ത്തിയും കോൺഗ്രസ് നേതൃത്വത്തെ വിമർശിച്ചുമായിരുന്നു സെമിനാറിൽ അദ്ദേഹം പ്രസംഗിച്ചത്.കെവി തോമസിനെതിരെ കടുത്ത നടപടി വേണമെന്നാണ് കെ.സുധാകരൻ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നത്.കഴിഞ്ഞ കുറെ നാളുകളായി കെ വി തോമസ് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
പാർട്ടി അച്ചടക്കം ലംഘിച്ച കെ.വി.തോമസിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കുമെന്നാണ് കെപിസിസി നേതൃത്വം കരുതിയിരുന്നത്. എന്നാൽ പാർട്ടിയിൽ നിന്ന് പുറത്താക്കി കെ.വി.തോമസിന് രക്തസാക്ഷി പരിവേഷം നൽക്കേണ്ടതില്ലെന്ന് ദേശീയ അച്ചടക്ക സമിതി തീരുമാനിക്കുകയായിരുന്നു.