KV Thomas vs KPCC : കെ.വി തോമസിന് കാരണം കാണിക്കൽ നോട്ടീസ്; ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്ന് അച്ചടക്ക സമിതി
കെ.വി തോമസിന്റെ മറുപടി ലഭിച്ചതിന് ശേഷം വീണ്ടും അച്ചടക്ക സമിതിയോഗം ചേരും. അതിൽ തീരുമാനമെടുത്തതിന് ശേഷം കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക
തിരുവനന്തപുരം : പാർട്ടി അച്ചടക്കം ലംഘിച്ച് സിപിഎം പാർട്ടി കോൺഗ്രസിലെ സെമിനാറിൽ സംബന്ധിച്ചതിന് കെ.വി തോമസിനെതിരെ കാരണം കാണിക്കൽ നോട്ടീസ് നൽകാൻ കോൺഗ്രസ് അച്ചടക്ക സമിതിയോഗം തീരുമാനിച്ചു. ഒരാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് അച്ചടക്ക സമിതി കെ.വി തോമസിന് നിർദേശം നൽകിയിരിക്കുന്നത്.
മുതിർന്ന നേതാവായ കെവി തോമസ് പാർട്ടി വിലക്ക് ലംഘിച്ച് സിപിഎം സെമിനാറിൽ പങ്കെടുത്തത് കടുത്ത അച്ചടക്ക ലംഘനമാണെന്നാണ് എ.കെ ആന്റണി അധ്യക്ഷനായ അച്ചടക്ക സമിതി വിലയിരുത്തിയിരിക്കുന്നത്. കെ.വി തോമസിന്റെ മറുപടി ലഭിച്ചതിന് ശേഷം വീണ്ടും അച്ചടക്ക സമിതിയോഗം ചേരും. അതിൽ തീരുമാനമെടുത്തതിന് ശേഷം കോൺഗ്രസിന്റെ അഖിലേന്ത്യ അധ്യക്ഷ സോണിയാ ഗാന്ധി വിഷയത്തിൽ അന്തിമ തീരുമാനം കൈക്കൊള്ളുക.
അതേസമയം അച്ചടക്ക സമിതിക്ക് വിശദമായ മറുപടി നൽകുമെന്ന് കെ.വി തോമസ് പ്രതികരിച്ചു. പാർട്ടി എന്ത് നടപടി എടുത്താലും തന്റെ അവസാനം വരെയും താൻ കോൺഗ്രസുകാരനായി തുടരമെന്നും അദ്ദേഹം വ്യക്തമാക്കി. താൻ ഒരു തെറ്റും ചെയ്തിട്ടില്ല. കെപിസിസി പ്രസിഡന്ഡറിന്റെ നടപടി മര്യാദയില്ലാത്തതാണ്. സുധാരകരന് പ്രത്യേക അജണ്ടയുണ്ടെന്നും കെ.വി തോമസ് കുറ്റപ്പെടുത്തി. എകെ ആൻണി അനീതി കാണിക്കില്ലെന്നും അച്ചടക്ക സമിതി കൈക്കൊള്ളുന്ന ഏത് താരുമാനവും അംഗീകരിക്കുമെന്നും കെവി തോമസ് പറഞ്ഞു.
കെ വി തോമസിനെതിരെ കടുത്ത നടപടി വേണമന്നാണ് കെ.സുധാകരൻ സോണിയാഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറെ നാളുകളായി കെവി തോമസ് സിപിഎം നേതാക്കളുമായി അടുത്ത ബന്ധം പുലർത്തുന്നതായും മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമായാണ് സിപിഎം സെമിനാറിൽ പങ്കെടുത്തതെന്നും കെ.സുധാകരൻ സോണിയാ ഗാന്ധിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.