കൊച്ചി/കണ്ണൂർ: കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ കെവി തോമസ് പങ്കെടുക്കും. കുമ്പളങ്ങിയിൽ വാർത്താസമ്മേളനത്തിലാണ് തോമസ് മാഷിന്റെ പ്രഖ്യാപനം. കോൺഗ്രസിന്റെ നയവും ഫെഡറലിസം തകർക്കുന്ന കേന്ദ്ര നിലപാടുമാണ് സെമിനാറിലെ തന്റെ അവതരണ വിഷയമെന്നാണ് വിശദീകരണം. എന്നാൽ കോൺഗ്രസിൽ നിന്ന് സമീപകാലത്തുണ്ടായ അവഗണനയാണ്  വാർത്താ സമ്മേളനത്തിൽ കെവിതോമസ്  വ്യക്തമാക്കാൻ ശ്രമിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇത്രയും പദവികൾ കിട്ടിയിട്ടും അവഗണന എന്ന് പറയുന്നതിൽ എന്ത് കാര്യമെന്ന് ചോദിച്ചപ്പോൾ, തന്നേക്കാൾ പ്രായമുള്ളവർക്ക് ഇപ്പോഴും സ്ഥാനങ്ങൾ കിട്ടുന്നുണ്ടല്ലോയെന്നായിരുന്നു മറുപടി. ഒരു വർഷമായി പുതിയ പദവിക്കായി കാത്തിരിക്കുന്നു. എന്നാൽ അതെല്ലാം വെറുതെയായി. സോണിയാഗാന്ധിയുമായി ഒരു പിണക്കവുമില്ല. 2018 ഡിസംബറിന് ശേഷം രാഹുൽ ഗാന്ധിയോട് സംസാരിക്കാൻ പോലും കഴിഞ്ഞിട്ടില്ല. സീനിയർ നേതാവായ തന്നോട് ആരും സംസാരിക്കുന്നില്ല. കഴിഞ്ഞ മാസം  ഡൽഹിയിൽ പോയപ്പോൾ സോണിയ ഗാന്ധിയെ കാണാൻ കെസി വേണുഗോപാലിനോട് താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ  കാണാൻപോലും കൂട്ടാക്കുന്നില്ല.  പ്രധാനമന്ത്രിയോടും യെച്ചൂരിയോടും അടുപ്പം പുലർത്തുന്ന ആളാണ് താൻ. അതുകൊണ്ട് ബിജെപിയാണെന്നോ സിപിഎം ആണെന്നോ ആരോപിച്ചിട്ട് കാര്യമില്ലെന്നും കെവി തോമസ് പറഞ്ഞു 


സെമിനാറിൽ പങ്കെടുത്തതിന് പുറത്താക്കാൻ കെപിസിസിക്ക് അധികാരമില്ല. തീരുമാനം ഹൈക്കമാൻഡ് എടുക്കട്ടെയെന്നും തോമസ് മാഷ് പറഞ്ഞു. സെമിനാറിൽ പങ്കെടുക്കാൻ സിപിഎം ഒരു ഓഫറും തന്നിട്ടില്ലെന്നായിരുന്നു ത‍ൃക്കാക്കര സീറ്റിനെക്കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടി.