അതിഥി തൊഴിലാളി ക്യാമ്പുകളിൽ പരിശോധനയുമായി തൊഴിൽ വകുപ്പ്; നടപടി മന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന്
അതിഥി തൊഴിലാളികൾക്കിടയിൽ ലഹരി ഉപഭോഗം, ക്രിമിനൽ പശ്ചാത്തലം എന്നിവ ശ്രദ്ധയിൽ പെട്ടാൽ പൊലീസ് എക്‌സൈസ് വകുപ്പുകളുമായി ചേർന്ന് കർശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
തിരുവനന്തപുരം: അതിഥിതൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ലേബർ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിർമ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴിൽ വകുപ്പ് നടത്തിവരുന്ന പരിശോധനയുടെ ഭാഗമായി രണ്ടാം ദിവസം 155 ഇടങ്ങളിൽ കൂടി ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇതൊടെ സംസ്ഥാനത്തൊട്ടാകെ 297കേന്ദ്രങ്ങളിലാണ് ജില്ലാ ലേബർ ഓഫീസർമാരും അതത് അസി ലേബർ ഓഫീസർമാരും ഉൾപ്പെട്ട ടീം പരിശോധന നടത്തിയത്. ഇവിടങ്ങളിലാകെ 8387 അതിഥിതൊഴിലാളികളുള്ളതായും കണ്ടെത്തി. അതിഥി പോർട്ടൽ രജിസ്‌ട്രേഷന്റെ ആവശ്യകത സംബന്ധിച്ചള്ള ബോധവത്കരണ പ്രവർത്തനങ്ങളും രജിസ്‌ട്രേഷൻ നടപടികളും പരിശോധനയുടെ ഭാഗമാണ്. സംസ്ഥാനത്തെ എല്ലാ ലേബർ ക്യാമ്പുകളും പരിശോധിച്ച്് പ്രവർത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴിൽ മന്ത്രി വി ശിവൻകുട്ടിയുടെ അടിയന്തിര നിർദ്ദേശത്തെ തുടർന്നാണ് പരിശോധന.
കരാർ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബിൽഡിംഗ് ആന്റ് അദർ കൺസ്ട്രക്ഷൻ വർക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവർത്തനങ്ങൾ,കൃത്യമായ രജിസ്റ്ററുകൾ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ തൊഴിലാളികളെ പാർപ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. നിയമലംഘനങ്ങൾ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നൽകുകയും വൃത്തിഹീനമായ സാഹചര്യങ്ങളിൽ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാർപ്പിക്കുന്നതിന് നിർദ്ദേശം നൽകുകയും ചെയ്തു.
Also Read: Tree House: പ്രകൃതിയുടെ മനോഹര കാഴ്ചകൾ സമ്മാനിച്ച് ഇടുക്കി കാഞ്ചിയാറിലെ ഇരുനില ഏറുമാടം
അതിഥിതൊഴിലാളികൾക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനൽ പശ്ചാത്തലം എന്നിവ കണ്ടെത്തുക , പകർച്ചവ്യാധി സാധ്യതകൾ വിലയിരുത്തുക, അതിഥി പോർട്ടൽ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിർമ്മാണ സ്ഥലങ്ങളിൽ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷൻ ,ലൈസൻസ് നടപടികൾ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. ലഹരി ഉപഭോഗം, ക്രിമിനൽ പശ്ചാത്തലം എന്നിവ ശ്രദ്ധയിൽ പെട്ടാൽ പൊലീസ് എക്‌സൈസ ചേർന്ന് കർശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. പൊലീസ് എക്‌സൈസ് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച് വരും ദിവസങ്ങളിൽ പരിശോധനകളും നടപടികളും കൂടുതൽ ഊർജ്ജിതമാക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...