പരിഷ്കാരങ്ങൾ ദ്വീപ് നിവാസികളുടെ ഭാവി സുരക്ഷിതമാക്കാൻ; ലക്ഷദ്വീപിൽ ടൂറിസം മുന്നേറ്റമുണ്ടാക്കുക ലക്ഷ്യം, ഭരണപരിഷ്കാരങ്ങളെ ന്യായീകരിച്ച് ലക്ഷദ്വീപ് കളക്ടർ
ടൂറിസം രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്ന് ലക്ഷദ്വീപ് കളക്ടർ അസ്കർ അലി
കൊച്ചി: ലക്ഷദ്വീപിലെ ഭരണപരിഷ്കാര നടപടികൾ ദ്വീപ് നിവാസികളുടെ ഭാവി ജീവിതം സുരക്ഷിതമാക്കാനെന്ന് ലക്ഷദ്വീപ് കളക്ടർ അസ്കർ അലി. ടൂറിസം (Tourism) രംഗത്ത് മികച്ച മുന്നേറ്റം ഉണ്ടാക്കുകയാണ് ലക്ഷ്യമെന്നും എറണാകുളത്ത് മാധ്യമങ്ങളോട് സംസാരിക്കവേ ലക്ഷദ്വീപ് കളക്ടർ (Collector) വ്യക്തമാക്കി.
മദ്യവിൽപന ലൈസൻസ് വിനോദ സഞ്ചാര മേഖലയ്ക്ക് (Tourism) വേണ്ടി മാത്രമാണ് നടപ്പാക്കുന്നത്. ദ്വീപിൽ മകിച്ച നിലവാരമുള്ള ഇന്റർനെറ്റ് ലഭ്യമാക്കാനുള്ള വൻകിട പദ്ധതി പൂർത്തിയാക്കും. അഗത്തി വിമാനത്താവളം നവീകരിക്കും. കടൽഭിത്തി നിർമാണ കരാർ ഒരു മാസത്തിനകം നൽകുമെന്നും കളക്ടർ വ്യക്തമാക്കി.
ലക്ഷദ്വീപിലെ അനധികൃത കയ്യേറ്റങ്ങളാണ് ഒഴിപ്പിച്ചതെന്ന് കളക്ടർ വ്യക്തമാക്കി. സ്ഥാപിത താൽപര്യക്കാർ കുപ്രചരണം നടത്തുകയാണ്. ലക്ഷദ്വീപിൽ (Lakshadweep) മയക്കുമരുന്ന് കടത്ത് ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ വർധിക്കുകയാണ്. കുറ്റകൃത്യങ്ങൾ തടയാനാണ് നിയമങ്ങൾ പരിഷ്കരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് നുണയാണ് പ്രചരിപ്പിക്കപ്പെടുന്നത്. ലക്ഷദ്വീപിൽ ഗോവധ നിരോധനം നടപ്പാക്കിയെന്ന് കളക്ടർ സ്ഥിരീകരിച്ചു.
ആരോഗ്യമേഖലയിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളും ദ്വീപിൽ നടപ്പാക്കുമെന്ന് കളക്ടർ വ്യക്തമാക്കി. ലക്ഷദ്വീപിൽ മികച്ച ആരോഗ്യസംവിധാനങ്ങൾ ഉറപ്പാക്കും. അഗത്തിയിലും കവരത്തിയിലും മിനിക്കോയിയിലും പുതിയ ആശുപത്രികൾ ആരംഭിക്കും. ലക്ഷദ്വീപിന്റെ സംരക്ഷണത്തിനും വികസനത്തിനും 5000 കോടി രൂപയുടെ പാക്കേജ് നടപ്പാക്കുമെന്നും അസ്കർ അലി വ്യക്തമാക്കി.
എറണാകളും പ്രസ് ക്ലബ്ബിന് മുന്നിൽ ലക്ഷദ്വീപ് കളക്ടർ അസ്കർ അലിക്ക് നേരെ പ്രതിഷേധം ഉണ്ടായി. ഡിവൈഎഫ്ഐ, സിപിഐ പ്രവർത്തകർ പ്രതിഷേധിച്ചു. കരിങ്കൊടി കാണിക്കാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...