മൂന്നാർ കുണ്ടളയിലെ ഉരുൾപൊട്ടൽ; തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകൾ

താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു
മൂന്നാർ കുണ്ടള എസ്റ്റേറ്റിന് സമീപം വെള്ളിയാഴ്ച രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ തലനാരിഴയ്ക്ക് രക്ഷപ്പെട്ടത് 450 ജീവനുകൾ. ഉരുൾപൊട്ടി വന്ന് മൂന്നാർ-വട്ടവട പാതയിലേക്ക് തങ്ങി നിൽക്കുകയും താഴോട്ട് പതിക്കാതിരിക്കുകയും ചെയ്തതാണ് വൻ ദുരന്തമൊഴിവാക്കിയത്. താഴെ കുണ്ടള എസ്റ്റേറ്റിലടക്കം 141 കുടുംബങ്ങൾ താമസിക്കുന്നുണ്ടായിരുന്നു.
നിരവധി എസ്റ്റേറ്റുകളാണ് താഴെയുണ്ടായിരുന്നത്. രാത്രി ഇതുവഴി വാഹനത്തിൽ വന്ന ആളുകളാണ് ഉരുൾപൊട്ടി റോഡിലേക്ക് പതിച്ചിരിക്കുന്നത് കണ്ടത്. ഇവർ അറിയിച്ചതിനെ തുടർന്ന് കുടുംബങ്ങളെ പൂർണമായും അടുത്തുള്ള സ്കൂളുകളിലേക്കും മറ്റും മാറ്റി. സ്ഥലത്തെ രണ്ട് കടകളും ക്ഷേത്രവും പൂർണമായും മണ്ണിനടിയിലായിട്ടുണ്ടെന്നും ആളപായമില്ലെന്നും ദേവികുളം എം.എൽ.എ എ രാജ പറഞ്ഞു.
വട്ടവട-മൂന്നാർ റോഡിൽ മണ്ണും കല്ലും വന്ന് നിറഞ്ഞതിനാൽ റോഡ് പൂർണമായും ഇല്ലാതായിട്ടുണ്ട്. ഇതോടെ വട്ടവട പൂർണമായും ഒറ്റപ്പെട്ട നിലയിലാണ്. മണ്ണ് നീക്കാനുള്ള നടപടി ആരംഭിച്ചതായും റോഡിന്റെ അവസ്ഥ ഇതിന് ശേഷം മാത്രമേ പറയാൻ കഴിയുകയുള്ളൂവെന്നും എം.എൽ.എ അറിയിച്ചു.
എല്ലാവരും നല്ല ഉറക്കസമയത്തായതിനാൽ ഉരുൾപൊട്ടിയ കാര്യം ആരും അറിഞ്ഞിരുന്നില്ല. 2020 ഓഗസ്റ്റ് 6-ന് രാത്രിയിലായിരുന്നു മലമുകളിൽ നിന്നും ഇരച്ചെത്തിയ ഉരുൾ പെട്ടിമുടിക്ക് മേൽ പതിച്ചത്. നാല് ലയങ്ങളിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളും ഗർഭിണികളുമടക്കം 70 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...