Palakkad landslide | പാലക്കാട് വടക്കഞ്ചേരിയിൽ ഉരുൾപൊട്ടൽ; കൃഷിയിടങ്ങൾ നശിച്ചു, ആളപായമില്ല
പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്
പാലക്കാട്: പാലക്കാട് വടക്കഞ്ചേരിയിലെ വിവിധയിടങ്ങളിലുണ്ടായ ഉരുൾപൊട്ടലിലും (Landslide) മണ്ണിടിച്ചിലും കൃഷിയിടങ്ങൾ നശിച്ചു. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. പ്രദേശത്തുനിന്നും ആളുകളെ ഒഴിപ്പിച്ചു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.
ഓടന്തോട് പടങ്ങിട്ട റോഡിന് സമീപവും വിആർടി കവ ആശാൻപാറ ഭാഗത്തുമാണ് ഇന്നലെ ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്ത് നിന്ന് അമ്പതോളം കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു. വിലങ്ങൻപാറയിലും ഉരുൾപൊട്ടിയതായി സംശയിക്കുന്നുണ്ട്. മലയോരമേഖലയിൽ (High range) ഇന്നലെ അതിശക്തമായ മഴയാണ് പെയ്തത്.
തമിഴ്നാടിന്റെ തെക്കൻ തീരത്തോട് ചേർന്ന് ചക്രവാതച്ചുഴി കൂടി രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വരും ദിവസങ്ങളിലും ശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശിയേക്കാം. ഇടിമിന്നലിനും സാധ്യതയുണ്ട്.
മലയോരമേഖലകളിലാണ് കൂടുതൽ മേഘസാന്നിധ്യം. കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ച പ്രദേശങ്ങളിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലിനും സാധ്യത കൂടുതലായതിനാൽ അതീവ ജാഗ്രത നിർദേശം നൽകി.
ALSO READ: Kerala Rains: മഴയ്ക്ക് നേരിയ ശമനം, ഓറഞ്ച് അലർട്ട് പിൻവലിച്ചു, 11 ജില്ലകളിൽ യെല്ലോ അലർട്ട് തുടരും
ചൊവ്വാഴ്ച തുലാവർഷം എത്തുന്നതിന് മുന്നോടിയായാണ് നിലവിൽ കിഴക്കൻ കാറ്റ് സജീവമാകുന്നതും മഴ വീണ്ടും ശക്തമാകുന്നതും. കിഴക്കൻ കാറ്റിനോട് അനുബന്ധമായാണ് ചക്രവാതച്ചുഴിയും രൂപപ്പെട്ടത്. മൂന്ന് ദിവസത്തോളം ചക്രവാതച്ചുഴി നിലനിന്നേക്കാമെന്നാണ് കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. ചക്രവാതച്ചുഴി കൂടി കണക്കിലെടുത്താണ് ഞായറാഴ്ച വരെ മഴ തുടർന്നേക്കാമെന്ന മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...