കൊച്ചി: സിപിഎം പോളിറ്റ് ബ്യൂറോ അംഗം സെക്രട്ടറി പിണറായി വിജയന്‍റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിച്ച ഒന്നായിരുന്നു ലാവ്‌ലിന്‍ കേസ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

1995ല്‍ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് രൂപീകരിച്ച കരാറില്‍ മന്ത്രിസ്ഥാനത്തിരിക്കെ പിണറായി വിജയന്‍ വരുത്തിയ മാറ്റം സംസ്ഥാനസര്‍ക്കാരിന് നഷ്ടമുണ്ടാക്കിയെന്ന സിഎജി റിപ്പോര്‍ട്ടും തുടര്‍ന്നുള്ള സിബിഐ അന്വേഷണവുമാണ് ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു കാരണമായത്. 


നിര്‍ണ്ണായകമായ പല ഘട്ടങ്ങളിലും പിണറായിക്കെതിരെ ഈ കേസ് ആയുധമാക്കിയിരുന്നു.


മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാഷ്ട്രീയ ജീവിതത്തിൽ തന്നെ നിർണായകമായേക്കാവുന്ന ലാ‌വ്‌ലിൻ കേസിന്‍റെ വിധി ഇന്ന് ഉച്ചയ്ക്ക് 1.45ന് അറിയാം. 


പിണറായി വിജയൻ ഉൾപ്പെടെയുള്ള പ്രതികളെ കുറ്റവിമുക്തരാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെ സിബിഐ നൽകിയ റിവിഷൻ ഹർജിയിലാണ് ഹൈക്കോടതി ഇന്ന് ഉച്ചയ്ക്ക് വിധി പറയുക. 


സിബിഐ സമർപ്പിച്ച കുറ്റപത്രത്തിലെ കണ്ടെത്തലുകൾ അപൂർണമാണെന്നു വ്യക്തമാക്കിയാണ് പിണറായി വിജയനടക്കം ഏഴു പേരെ സിബിഐ പ്രത്യേക കോടതി പ്രതിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയത്. തുടർന്ന് റിവിഷൻ ഹർജിയുമായി സിബിഐ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.


എന്താണ്‌ ലാവ്‌ലിന്‍ പ്രശ്‌നം?


കേരളത്തിലെ ഏറ്റവും പഴക്കംചെന്ന പള്ളിവാസല്‍-ശെങ്കുളം-പന്നിയാര്‍ ജലവൈദ്യുത പദ്ധതികള്‍ നവീകരിക്കാന്‍ 1991-1996 ലെ യു.ഡി.എഫ്‌ സര്‍ക്കാരിന്‍റെ കാലത്ത്‌ തീരുമാനിച്ചു. കാനഡ സര്‍ക്കാരിന്‍റെ ധനസഹായത്തോടെ നവീകരണത്തിനായി ലാവ്‌ലിന്‍ കമ്പനിയുമായി അന്നത്തെ വൈദ്യുത മന്ത്രി ജി. കാര്‍ത്തികേയന്‍ നവീകരണത്തിന്‌ ധാരണാപത്രവും കരാറും ഒപ്പിട്ടു. ആ കരാര്‍ പ്രാബല്യത്തിലുള്ള ഘട്ടത്തിലാണ്‌ 1996 മെയ്‌ മുതല്‍ 1999 ഒക്‌ടോബര്‍ വരെ പിണറായി വിജയന്‍ മന്ത്രിയായത്. കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് കേസിനു കാരണം. ഈ കരാർ ലാവ്‌ലിൻ കമ്പനിക്ക് നൽകുന്നതിന് പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് ആരോപണം. യുഡിഎഫിന്‍റെ കാലത്താണ് പദ്ധതി കൊണ്ടുവന്നതെങ്കിലും അന്തിമ കരാർ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ.നായനാർ മന്ത്രിസഭയിലെ വൈദ്യുതിമന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു.