കൊച്ചി: എസ്‌എന്‍സി ലാവലിന്‍ കേസില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയനെ ഹൈക്കോടതി കുറ്റവിമുക്തനാക്കി.  പിണറായി വിജയൻ ലാവലിൻ ഇടപാടിൽ നിന്ന് സാമ്പത്തിക നേട്ടമുണ്ടാക്കിയിട്ടില്ലെന്ന്  ചൂണ്ടിക്കാട്ടിയാണ് സി.ബി.ഐ പ്രത്യേക കോടതി വിധി ഹൈക്കോടതി ശരിവെച്ചത്. പിണറായി അടക്കം മൂന്നു പേരെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

202 പേജുള്ള വിധിപ്രസ്താവത്തില്‍ അതിരൂക്ഷമായ വിമര്‍ശനമാണ് ഹൈക്കോടതിയില്‍ നിന്ന് സിബിഐയ്ക്ക് നേരെയുണ്ടായത്. 
പിണറായി വിജയനെ സിബിഐ വേട്ടയാടുകയായിരുന്നുവെന്ന് പറഞ്ഞ ഹൈക്കോടതി കേസിലെ പ്രതികളെ സിബിഐ തോന്നും പോലെ തിരഞ്ഞെടുക്കുകയായിരുന്നുവെന്നും കുറ്റപ്പെടുത്തി.


കേസിൽ, ശേഷിക്കുന്ന പ്രതികള്‍ വിചാരണ നേരിടണം. സിബിഐയുടെ റിവ്യു ഹര്‍ജിയില്‍ ജസ്റ്റിസ് പി.ഉബൈദിന്റേതാണ് വിധി. പിണറായി വിജയനെ കേസില്‍ നിന്ന് ഒഴിവാക്കിയ സിബിഐ പ്രത്യേക കോടതി ഉത്തരവ് ഹൈക്കോടതിയും ശരിവച്ചതോടെ വലിയൊരു പ്രതിസന്ധിയില്‍ നിന്നാണ് മുഖ്യമന്ത്രിയും സര്‍ക്കാരും കരകയറുന്നത്.