സിൽവർ ലൈനിൽ ബ്രഹ്മാസ്ത്രവുമായി എൽഡിഎഫ് ഇറങ്ങുന്നു; ശബരിമല മോഡൽ പ്രതിരോധം
ശബരിമല യുവതി പ്രവേശന വിഷയമുണ്ടായ ഘട്ടത്തിൽ ജനങ്ങൾക്കിടയിലിറങ്ങി നിലപാട് വിശദീകരിച്ച അതേ മാതൃകയാണ് സിൽവർ ലൈൻ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
തിരുവനന്തപുരം: സിൽവർ ലൈൻ വിരുദ്ധ പ്രചാരണത്തെയും സമരത്തെയും രാഷ്ട്രീയമായി നേരിടാൻ ഇടതുമുന്നണി രംഗത്ത്. ശബരിമല യുവതി പ്രവേശന വിഷയമുണ്ടായ ഘട്ടത്തിൽ ജനങ്ങൾക്കിടയിലിറങ്ങി നിലപാട് വിശദീകരിച്ച അതേ മാതൃകയാണ് സിൽവർ ലൈൻ വിഷയത്തിലും ഇടതുപക്ഷം സ്വീകരിച്ചിട്ടുള്ളത്.
സിൽവർ ലൈൻ വിഷയത്തിൽ സർക്കാരെടുത്ത നിലപാട് എന്ത്, എവിടെയാണ് ജനങ്ങൾക്ക് തെറ്റിദ്ധാരണ ഉണ്ടായത്, പദ്ധതി നടപ്പാക്കുന്നത് എങ്ങനെ, തുടങ്ങിയ കാര്യങ്ങൾ ജനങ്ങളെ നേരിട്ട് ബോധ്യപ്പെടുക എന്നതാണ് യോഗത്തിന്റെ ലക്ഷ്യം. സംസ്ഥാനത്തെമ്പാടുമുള്ള വിശദീകരണയോഗങ്ങൾക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും.
സിൽവർലൈൻ വിരുദ്ധ പ്രചാരണത്തെ നേരിടാനുള്ള രാഷ്ട്രീയ പ്രചാരണ മഹായോഗം ചൊവ്വാഴ്ച്ച വൈകീട്ട് 4നു പുത്തരിക്കണ്ടം ഇകെ നായനാർ പാർക്കിൽ നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ മുഖ്യമന്ത്രിയാണ് ഉദ്ഘാടകൻ. ഘടകക്ഷി നേതാക്കൾ പങ്കെടുക്കുമാണ് എൽഡിഎഫ് നേതൃത്വം അറിയിച്ചിട്ടുള്ളത്.
ലഘുലേഖകളുമായി വീടുകൾ കയറി ഇറങ്ങിയുള്ള പ്രചാരണവും സിപിഎം നേതൃത്വത്തിൽ നടക്കുന്നുണ്ട്. സിൽവർ ലൈൻ കടന്നുപോകുന്ന നിർദ്ദിഷ്ട ഭൂമിയിലെ ജനങ്ങളെ നേരിൽ കണ്ടുള്ള ബോധവത്കരണവും അതത് പ്രദേശങ്ങളിൽ ഇടതുമുന്നണിയുടെ പേരിൽ നടക്കുന്നുണ്ടെങ്കിലും സിപിഎം ഒഴികെയുള്ള പല പ്രദേശങ്ങളിലും ഘടകക്ഷികളും ഇതിനോട് സഹകരിക്കുന്നില്ല. ഈ സാഹചര്യത്തിൽ മുന്നണികകത്ത് ഉൾപ്പെടെയുള്ള ആശയക്കുഴപ്പവും പരിഹരിക്കുകയെന്ന ലക്ഷ്യവും തലസ്ഥാന നഗരിയിൽ നിന്നാരംഭിക്കുന്ന വിശദീകരണയോഗത്തിനുണ്ട്.
കേരളത്തിൽ ഗെയിൽ പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ഘട്ടത്തിലും വലിയ എതിർപ്പുയർന്നിരുന്നു. അതിന് മുമ്പ് ദേശീയ പാതയ്ക്ക് സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിലും വലിയ സമരങ്ങൾ നടന്നു. എന്നാൽ ഈ രണ്ട് പ്രശ്നങ്ങളും പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോകാൻ ആയി എന്നതായിരുന്നു കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ വിജയം. കെ റെയിൽ വിഷയത്തിലും അത്തരത്തിലുള്ള ഒരു പ്രശ്നപരിഹാര സാധ്യത തന്നെയാണ് സർക്കാർ തേടുന്നതും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...