Waqf board | റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരം...സിപിഎമ്മിലേക്ക് പോകുന്നവർ മതത്തിൽ നിന്നകലുന്നു; വഖഫ് സംരക്ഷണ റാലിയിൽ വിവാദ പരാമർശങ്ങളുമായി ലീഗ് നേതാക്കൾ
പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പ്രസംഗം
കോഴിക്കോട്: കോഴിക്കോട് കടപ്പുറത്ത് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലിയിൽ അധിക്ഷേപവും വിവാദവുമായ പ്രസ്താവനകൾ നടത്തി ലീഗ് നേതാക്കൾ. പൊതുമരാമത്ത് മന്ത്രി പിഎ മുഹമ്മദ് റിയാസിനെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹിമാൻ കല്ലായിയുടെ പ്രസംഗം. മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്നായിരുന്നു മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജിയുടെ നിരീക്ഷണം. തെക്കന്‍ ജില്ലകളിലെ ഈഴവര്‍ മുന്നേറിയപ്പോള്‍ വടക്കന്‍ ജില്ലകളിലെ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നും ഷാജി പറഞ്ഞു.
റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നും ഇത് പറയാന്‍ തന്റേടം വേണമെന്നുമായിരുന്നു അബ്ദുറഹിമാൻ കല്ലായിയുടെ പ്രസ്താവന. ''മുന്‍ ഡിവൈഎഫ്‌ഐ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ. അത് വിവാഹമാണോ. വ്യഭിചാരമാണ്. അത് പറയാന്‍ തന്റേടം വേണം. സിഎച്ച് മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മള്‍ ഉപയോഗിക്കണം''-അബ്ദുറഹിമാന്‍ കല്ലായി പറഞ്ഞു.
ALSO READ: PA Muhammed Riyas | മഴ കുറഞ്ഞ സ്ഥലങ്ങളിൽ റോഡ് നിർമ്മാണം ആരംഭിച്ചതായി മന്ത്രി മുഹമ്മദ് റിയാസ്
സ്വവര്‍ഗരതിയെയും സ്വതന്ത്ര ലൈംഗികതയെയും പിന്തുണക്കുന്നവരാണ് കമ്മ്യൂണിസ്റ്റുകള്‍ എന്നും അബ്ദുറഹിമാൻ കല്ലായി പറഞ്ഞു. സ്വവര്‍ഗരതി നിയമവിധേയമാക്കണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍. ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക സ്വാതന്ത്ര്യം സുപ്രീം കോടതി അംഗീകരിച്ചപ്പോള്‍ അതിനെ ആദ്യം പിന്തുണച്ചത് ഡിവൈഎഫ്‌ഐയാണെന്നും അബ്ദുറഹിമാൻ പറഞ്ഞു. ഇഎംഎസും എകെജിയുമില്ലാത്ത സ്വര്‍ഗം വേണ്ട എന്നു പറയുന്നവര്‍ കാഫിറുകളാണ്. ആയിരം പിണറായി വിജയന്മാര്‍ ഒരുമിച്ച് നിന്നാലും ലീഗിന്റെ അഭിമാനം നശിപ്പിക്കാന്‍ കഴിയില്ല. ലീഗ് എന്നും സമുദായത്തിനൊപ്പമാണെന്നും അബ്ദുറഹിമാൻ കല്ലായി പറഞ്ഞു.
മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെഎം ഷാജി പറഞ്ഞു. എന്തെങ്കിലും പ്രാദേശിക പ്രശ്‌നത്തിന്റെ പേരിലോ സീറ്റിന്റെ പേരിലോ മുസ്ലിം ലീഗ് വിട്ട് സിപിഎമ്മില്‍ പോകുന്നവര്‍ മതത്തില്‍ നിന്ന് അകലുകയാണ്. തലശ്ശേരിയിലും പൊന്നാനിയിലും കൊടുങ്ങല്ലൂരിലും ഇതിന്റെ ഉദാഹരണങ്ങള്‍ കാണാം. ഇവിടെ നിന്നൊക്കെ ലീഗില്‍ നിന്ന് സിപിഎമ്മിലേക്ക് പോയ മുസ്ലിം കുട്ടികള്‍ യഥാര്‍ത്ഥത്തില്‍ മതത്തില്‍ നിന്നും കൂടിയാണ് വിട്ടുപോയതെന്നും ഷാജി പറഞ്ഞു. ഈ സാഹചര്യം അനുവദിക്കരുത്. സിപിഎമ്മുമായി സഹകരിച്ചവരെല്ലാം നശിച്ചുപോകുകയാണ് ചെയ്തിട്ടുള്ളത്. തെക്കന്‍ ജില്ലകളിലെ ഈഴവര്‍ മുന്നേറിയപ്പോള്‍ വടക്കന്‍ ജില്ലകളിലെ ഈഴവര്‍ ഇപ്പോഴും സിപിഎമ്മിന്റെ തല്ലുകൊള്ളികളാണെന്നും ഷാജി പറഞ്ഞു.
ALSO READ: സിപിഎം ജില്ലാ സമ്മേളനങ്ങൾക്ക് ഇന്ന് കൊടി ഉയരും
അധികാരത്തിലെത്തുമ്പോള്‍ ഇടതുപക്ഷത്തിന് മുസ്ലിം സമുദായത്തോട് ചൊറിച്ചിലാണ്. സ്പീക്കര്‍ എംബി രാജേഷിന്റെ ഭാര്യ നിനിതക്ക് ജോലി ലഭിച്ചത് മുസ്ലിം ലീഗ് നടത്തിയ പോരാട്ടത്തിന്റെ ഫലമാണ്. നാട്ടിലെ ഏറ്റവും വലിയ തട്ടിപ്പ് സംഘമാണ് പി എസ് സി. വഖഫ് പ്രശ്‌നം സമുദായത്തിന്റെ മൊത്തം പ്രശ്‌നമാണ്. സമുദായത്തിനകത്ത് ഭിന്നതയുണ്ടാക്കാനാണ് സിപിഎം ശ്രമിക്കുന്നത്. ലീഗിന്റെ പതാകക്ക് കീഴില്‍ നിന്ന് മുജാഹിദിനെയും സുന്നിയെയും വേര്‍തിരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. വഖഫ് വിവാദം സമുദായത്തിന് ഗുണം ചെയ്തു. കമ്മ്യൂണിസവും മാര്‍ക്‌സിസവും ഇസ്ലാം വിരുദ്ധമാണെന്ന് മനസ്സിലാക്കാനായി. ചര്‍ച്ചയല്ല, നിയമം പിന്‍വലിക്കുകയാണ് വേണ്ടതെന്നും കെഎം ഷാജി ആവശ്യപ്പെട്ടു.
വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി എസ് സിക്ക് വിട്ട സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് കോഴിക്കോട് കടപ്പുറത്ത് മുസ്ലിം ലീഗ് വഖഫ് സംരക്ഷണ യോഗം നടത്തിയത്. കഴിഞ്ഞ മാസം ഒമ്പതിനാണ് വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിടാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ലീഗിന്റെ നേതൃത്വത്തില്‍ മതസംഘടനകള്‍ യോഗം ചേര്‍ന്നു. എന്നാൽ പള്ളികളില്‍ പ്രതിഷേധിക്കാനുള്ള തീരുമാനത്തില്‍ നിന്ന് സമസ്ത പിന്‍മാറി. പിന്നീടാണ് കോഴിക്കോട് കടപ്പുറത്ത് പ്രതിഷേധ യോഗം സംഘടിപ്പിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...