തിരുവമ്പാടി: കക്കാടംപൊയിലില്‍ പി.വി.അന്‍വര്‍ എംഎല്‍എയുടെ വിവാദ വാട്ടര്‍ തീം പാര്‍ക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് അനുവദിച്ച ലൈസന്‍സ് കാലാവധി ഇന്ന് അവസാനിക്കും. മാര്‍ച്ച് 31ന് അവസാനിച്ച ലൈസന്‍സ് മൂന്നുമാസത്തേക്ക് നീട്ടുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രവര്‍ത്തനാനുമതി പുതുക്കാന്‍ പാര്‍ക്ക് അധികൃതര്‍ കഴിഞ്ഞദിവസം ഗ്രാമപഞ്ചായത്തിന് അപേക്ഷ നല്‍കിയെങ്കിലും വെള്ളിയാഴ്ച ചേര്‍ന്ന ഭരണസമിതി യോഗത്തില്‍ പാര്‍ക്കിന്‍റെ ലൈസന്‍സ് പുതുക്കി നല്‍കില്ലെന്ന് തീരുമാനിക്കുകയായിരുന്നു.


പി.വി അന്‍വറിന്‍റെയും അദ്ദേഹത്തിന്‍റെ രണ്ടാം ഭാര്യയുടെ ഉടമസ്ഥതയിലുള്ള പി.വി.ആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്‍റെയും പേരിലാണ് പാര്‍ക്കിന്‍റെ ഉടമസ്ഥത. പാര്‍ക്ക് നിലനില്‍ക്കുന്ന 11 ഏക്കറിന്‍റെ 60 ശതമാനത്തോളം അന്‍വറിന്‍റെ പേരിലുള്ളതാണ്. മാലിന്യ നിര്‍മാര്‍ജനത്തിന് സൗകര്യം ഒരുക്കിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി മലിനീകരണ നിയന്ത്രണ ബോര്‍ഡും പാര്‍ക്കിന് അനുമതി നേരത്തെ നിഷേധിച്ചിരുന്നു.


കനത്ത മഴയെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ കേന്ദ്ര ദുരന്ത നിവാരണ അതോറിറ്റിയും പാര്‍ക്കിന്‍റെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ മെമ്മോ നല്‍കിയിരുന്നു. തുടര്‍ന്ന് പാര്‍ക്കിലെ കുളങ്ങള്‍ വറ്റിക്കാന്‍ പഞ്ചായത്ത് നിര്‍ദ്ദേശം നല്‍കിയിരുന്നു. 


ലെസന്‍സില്ലാതെ പ്രവര്‍ത്തനം തുടങ്ങിയ പാര്‍ക്കിന് നേരത്തെ കൂടരഞ്ഞി പഞ്ചായത്ത് സെക്രട്ടറി താല്‍കാലിക ലൈസന്‍സ് നല്‍കിയത് വിവാദമായിരുന്നു. ഒരു കെട്ടിടത്തിന് മാത്രം ലഭിച്ച ഫയര്‍ സേഫ്ടി ലൈസന്‍സ് ഉപയോഗിച്ച് നിരവധി അനധികൃത നിര്‍മ്മാണങ്ങള്‍ പാര്‍ക്കിനായി നടത്തിയിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു.