സാമൂഹ്യ സുരക്ഷയ്ക്കായി രണ്ടെണ്ണം അടിക്കാം
Liquor price hike in Kerala: 500 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്.
സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകാനാണ് പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതെന്ന് മുഖ്യന്ത്രി പിണറായി വിജയൻ പറഞ്ഞപ്പോൾ പെട്രോൾ അടിക്കുന്നവരുടെ ചേതോവികാരം എന്താണെന്ന് അറിയില്ല, കുടിയന്മാർക്ക് അൽപം സമാധാനം ആയിക്കാണുമെന്ന് വേണം കരുതാൻ. വെള്ളമടിച്ച് കാശ് കളയുന്ന ആർക്കും ഉപകരാമില്ലാത്തവരെന്ന സ്ഥിരം പല്ലവിക്ക് മറുപടിയായല്ലോ, സാമൂഹ്യ സുരക്ഷയ്ക്കു വേണ്ടിയാണ് ഞങ്ങൾ കുടിക്കുന്നതെന്ന് പറയാലോ.
500 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 20 രൂപയും 1000 രൂപയ്ക്ക് മുകളിൽ വിലയുള്ള മദ്യത്തിന് 40 രൂപയുമാണ് സെസ് ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, ജനപ്രിയ മദ്യങ്ങൾക്ക് വില കൂടില്ലെന്നാണ് ധനമന്ത്രി കെഎൻ ബാലഗോപാൽ പറയുന്നത്. കേരളത്തിൽ ഏറ്റവും കൂടുതൽ വിൽക്കുന്നത് 500 രൂപയ്ക്ക് താഴെ വിലയുള്ള മദ്യമാണെന്നാണ് നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറടുപടി പ്രസംഗത്തിൽ ധനമന്ത്രിയുടെ ന്യായീകരണം. എന്നാൽ, കേരളത്തിൽ ഫുൾ ബോട്ടിൽ ഒന്നുപോലും 500 രൂപയ്ക്ക് താഴെയില്ല. ഇനി ധമന്ത്രി ഉദ്ദേശിച്ചത് ഹാഫ് ആയിരിക്കുമോ, സെസിൽ ചോദ്യമില്ല.
കേരളത്തിൽ വിൽക്കുന്നതിൽ ഏറ്റവും വില കുറഞ്ഞ മദ്യം ജവാൻ റം ആണ്. സർക്കാർ തന്നെ ഉത്പാദിപ്പിക്കുന്ന ഈ ജവാന് പോലും ലിറ്ററിന് 610 രൂപയാണ് വില. അങ്ങനെ നോക്കുമ്പോൾ വില കുറഞ്ഞ മറ്റ് ലഹരികളിലേക്ക് ആളുകൾ തിരിയുമോയെന്നാണ് സംശയം. ഇത് സാമൂഹ്യ സുരക്ഷയ്ക്ക് വേണ്ടി വില വർധിപ്പിച്ച് സാമൂഹിക വിപത്തിനെ ക്ഷണിച്ചു വരുത്തലാകുമോ? പെട്രോളടിക്കാൻ മലയാളികളെ കർണാടകത്തിലേക്ക് ക്ഷണിച്ചതുപോലെ ലഹരിക്കും മലയാളി പുതു വഴികൾ തേടുമോയെന്ന് ഭയക്കേണ്ടതുണ്ട്. പ്രകടമായ യാഥാർഥ്യം: മദ്യം താങ്ങാനാകാത്ത വിലയിലേക്ക് ഉയർത്തുന്നതിന് അനുസരിച്ച് മറ്റൊരു തിന്മയെ നിങ്ങൾക്ക് നേരിടേണ്ടി വരും, മയക്കുമരുന്ന് എന്ന് തിരക്കഥാകൃത്തും നടനുമായ മുരളി ഗോപി അഭിപ്രായപ്പെട്ടത് ഈ പശ്ചാത്തലത്തിലാണ്.
കേരളത്തിലെ മദ്യവിലവർധനക്കെതിരെ പ്രതികരിച്ച് നടൻ ഹരീഷ് പേരടിയും രംഗത്തെത്തിയിരുന്നു. രാജസ്ഥാനിൽ നിന്ന് ഓൾഡ് മങ്ക് റം 750എംഎൽ വാങ്ങിയത് 455 രൂപയ്ക്കാണ്. കേരളത്തിലെ വിലയിൽ നിന്ന് 545 രൂപയുടെ കുറവ്. കൊള്ള സംഘത്തിന്റെ നാടേ നല്ല നമസ്ക്കാരം എന്നാണ് ഹരീഷ് പേരടി സമൂഹമാധ്യമത്തിൽ പങ്കുവച്ച കുറിപ്പ്. നേരത്തെ നികുതി വരുമാനത്തിന് പല സ്രോതസുകൾ ഉണ്ടായിരുന്നു. ഇപ്പോൾ മദ്യവും പെട്രോളും മാത്രമാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. പുതിയ വരുമാന മാർഗങ്ങൾ കണ്ടെത്തേണ്ടേ.. കുടിശികകൾ പരിക്കേണ്ടേ... എത്രകാലം മദ്യവും പെട്രോളും മാത്രം ഊറ്റി ഓടിക്കും.
പെട്രോളിനും ഡീസലിനും സെസ് ഏർപ്പെടുത്തിയതോടെ മെട്രോ നഗരങ്ങളേയും പിന്നിലാക്കാൻ ഒരുങ്ങുകയാണ് കേരളം. നിലവിൽ 108 രൂപയുള്ള തിരുവനന്തപുരത്തെ പെട്രോൾ വില 110 ആകും. 96.79 രൂപയുള്ള ഡീസൽ വില 99 ആകും. ഇപ്പോൾ രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില വർധിച്ചിരിക്കുകയാണ്. ഇത് വീണ്ടും പെട്രോൾ വില വർധനയിലേക്ക് നയിക്കുമെന്ന ആശങ്കയിലാണ് സാധാരണക്കാരായ ജനങ്ങൾ. കൊച്ചിയിൽ പെട്രോളിന് 105.38 ആണ് ലിറ്ററിന് നിലവിലെ വില. കോഴിക്കോട് ഒരു ലിറ്റർ പെട്രോളിന് 105.82 രൂപയാണ്. ന്യൂഡൽഹിയിൽ പെട്രോൾ ഒരു ലിറ്ററിന് 96.72 രൂപയും ഡീസൽ 89. 62 രൂപയുമാണ്. മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും ഡീസലിന് 94.27 രൂപയുമാണ്. പെട്രോൾ ഡീസൽ വിലയിൽ ഒന്നാം സ്ഥാനത്തെത്താനാണ് കേരളത്തിന്റെ മത്സരം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...