പാളയം എൽഎംഎസ് പള്ളിയെ കത്തീഡ്രലാക്കി പ്രഖ്യാപിച്ചു; ബിഷപ്പിനെതിരെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്ത്
കത്തീഡ്രലായി പ്രഖ്യാപിച്ചതിന് ശേഷം പള്ളിയിൽ എംഎം കത്തീഡ്രൽ എന്ന ബോർഡും സ്ഥാപിച്ചു.
തിരുവനന്തപുരം: പാളയം എൽഎംഎസ് പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ച നടപടിക്കെതിരെ ഒരു സംഘം വിശ്വാസികൾ പ്രതിഷേധവുമായി രംഗത്ത്. എംഎം സിഎസ്ഐ കത്തീഡ്രൽ എന്ന പേരിലാകും ഇനി എൽഎംഎസ് പള്ളി അറിയപ്പെടുക. സിഎസ്ഐ സഭ ദക്ഷിണ കേരള മഹായിടവക ബിഷപ്പ് ധർമ്മരാജ് റസാലമാണ് എൽഎംഎസ് പള്ളിയെ കത്തീഡ്രലായി പ്രഖ്യാപിച്ചത്. പുതിയ പ്രഖ്യാപനത്തിന് ശേഷം പള്ളിയിൽ എംഎം കത്തീഡ്രൽ എന്ന ബോർഡും സ്ഥാപിച്ചു. പള്ളിയിൽ വർഷങ്ങളായി അംഗങ്ങളായുള്ളവർ നടപടിയെ വിമർശിച്ച് രംഗത്ത് വന്നു.
എൽഎംഎസ് ജങ്ഷനിൽ വിശ്വാസികൾ പ്രതിഷേധിച്ചു. ബിഷപ്പിനെതിരെ മുദ്രാവാക്യം വിളിച്ച പ്രതിഷേധക്കാർ കത്തീഡ്രലായി പ്രഖ്യാപിച്ച നടപടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു. കത്തീഡ്രലായുള്ള പ്രഖ്യാപനം ഉപേക്ഷിക്കണമെന്നും മുൻപുണ്ടായിരുന്ന സ്ഥിതി തുടരണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. എന്നാൽ ഒരു വിഭാഗം മാത്രം കൈവശമാക്കി വച്ചിരിക്കുന്ന പള്ളി എല്ലാവർക്കുമായി തുറന്നു നൽകുകയാണ് ചെയ്തിരിക്കുന്നതെന്നാണ് ബിഷപ്പിന്റെ വാദം.
ALSO READ: Orthodox Vicar POSCO Case : വൈദികനെതിരെ പോക്സോ കേസ്; സഭയുടെ ശുശ്രൂഷകളിൽ നിന്ന് വൈദികനെ വിലക്കി; പ്രതി റിമാൻഡിൽ
കത്തീഡ്രൽ പ്രഖ്യാപനത്തിന് മുന്നോടിയായി പള്ളിയിലുണ്ടായിരുന്ന അഞ്ച് വൈദികരെ സ്ഥലം മാറ്റി. ഇപ്പോഴുള്ള പള്ളി കമ്മിറ്റി പിരിച്ചു വിട്ടു. 20 പേരടങ്ങുന്ന അഡ്ഹോക്ക് കമ്മിറ്റിക്കാണ് നിലവിൽ പള്ളിയുടെ ചുമതല. പൂട്ടിയിട്ട പള്ളിയുടെ ഗേറ്റ് തകർത്താണ് ബിഷപ്പും ഒരു വിഭാഗം വിശ്വാസികളും പള്ളിയിലേക്ക് പ്രവേശിച്ചത്. പള്ളി കത്തീഡ്രലാകുന്നതോടെ സഭയുടെ നിയമപ്രകാരം അതിന്‍റെ നിയന്ത്രണം ബിഷപ്പിന് വന്നു ചേരും. സാമ്പത്തിക കാര്യങ്ങളിലടക്കം ബിഷപ്പാകും ഇനി തീരുമാനങ്ങൾ സ്വീകരിക്കുക. ഇതിൽ ഉൾപ്പെടെയുള്ള എതിർപ്പാണ് എൽഎംഎസ് പള്ളിയിൽ അംഗങ്ങളായവർ ഉന്നയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...